വെടിനിർത്തൽ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ്; മാനുഷിക ഇടനാഴി തുറക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ടെൽ അവീവ്: ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഹമാസ്. റഷ്യ സന്ദർശിക്കുന്ന ഹമാസ് അം​ഗങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. 229 പേർ ബന്ദികളായി ഹമാസിന്റെ പക്കലുണ്ടെന്നാണ് വിവരം. അതിനിടെ, ​ഗാസയിലേക്ക് സഹായമെത്തിക്കാൻ മാനുഷിക ഇടനാഴി തുറക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ​ഗാസയിലെ ആക്രമണം തൽക്കാലത്തേക്ക് നിർത്തിവച്ച് ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിക്കണമെന്നും യുറോപ്യൻ യൂണിയൻ അംഗങ്ങൾ പറഞ്ഞു.​ 27 യുറോപ്യൻ യൂണിയൻ അംഗങ്ങളും പ്രസ്താവനയെ അനുകൂലിച്ചെന്നാണ് റിപ്പോർട്ട്.

തെക്കന്‍ ഗാസയിലും വടക്കന്‍ ഗാസയിലും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ഇതുവരെയുളള ആക്രമണങ്ങളില്‍ ഏഴായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടുവെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. ഇവരുടെ പേര് വിവരങ്ങളും ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടു. നേരത്തെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ഗാസയിലെ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.

ഇന്ധനമില്ലാതായതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ച മട്ടാണ്. അടിയന്തര സഹായം എത്തിച്ചില്ലെങ്കില്‍ നവജാതശിശുക്കളടക്കം ആയിരങ്ങള്‍ ആശുപത്രികളില്‍ മരിച്ച് വീഴുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*