ഏഷ്യയിലെ ഏറ്റവും വലിയ കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാന്റ്; പഞ്ചാബിൽ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി

ഏഷ്യയിലെ ഏറ്റവും വലിയ കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടനം കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി നിർവ്വഹിച്ചു. പഞ്ചാബ് സംഗ്രൂരിലെ ലെഹ്‌റാഗാഗയിലാണ് പ്ലാന്റ്. സിബിജി അധിഷ്ഠിത ഗ്രാമീണ സമ്പത്ത് വ്യവസ്ഥക്കുള്ള ഇന്ത്യയുടെ മാസ്റ്റർ പ്ലാനിന്റെ തുടക്കം മാത്രമാണ് സംഗ്രൂരിലെ പ്ലാന്റെന്നും ഇതിന് ചുറ്റുമുള്ള ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പുരി പറഞ്ഞു.

ഏകദേശം 100 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തോടെയാണ് പ്ലാന്റ് കമ്മീഷൻ ചെയ്തിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, വെർബിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ മുതിർന്ന മാനേജ്മെന്റ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

20 ഏക്കറിലാണ് സംഗ്രൂരിലെ സിബിജി പ്ലാന്റ് വ്യാപിച്ച് കിടക്കുന്നത്. പ്ലാന്റിന്റെ ഇന്നത്തെ ഉൽപ്പാദനം പ്രതിദിനം ഏകദേശം ആറ് ടൺ ആണ്. എന്നാൽ ഉടൻ തന്നെ ഇത് പ്രതിദിനം 300 ടൺ നെല്ല് വൈക്കോൽ സംസ്‌കരിച്ച് 10,000 ക്യുബിക് മീറ്ററിന്റെ എട്ട് ഡൈജസ്റ്ററുകൾ ഉപയോഗിച്ച് 33 ടിപിഡി കംപ്രസ്ഡ് ബയോഗ്യാസ് ഉത്പാദിപ്പിക്കും. സിബിജി പ്ലാന്റ് പോലുള്ള സംരംഭങ്ങൾ കർഷകർക്കും പരിസ്ഥിതിക്കും നേട്ടമുണ്ടാക്കുന്ന സാഹചര്യത്തിലെത്തുന്നതിൽ വലിയ കുതിച്ചുചാട്ടമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കാസ്‌കേഡുകൾ, കംപ്രസ്സറുകൾ, ഡിസ്‌പെൻസറുകൾ തുടങ്ങിയ സിബിജി പ്ലാന്റ് ഉപകരണങ്ങളുടെ തദ്ദേശീയമായ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളെ പരാമർശിച്ചുകൊണ്ട്, ഇത് ഇന്ത്യയുടെ നിർമ്മാണ മേഖലയിലുടനീളമുള്ള ‘മേക്ക് ഇൻ ഇന്ത്യ’ അവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് പുരി പറഞ്ഞു. പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കുന്നതിനായി ഞങ്ങൾ ബന്ധപ്പെട്ടവരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*