ഹർദീപിന്റെ കൊലപാതകവും വർധിക്കുന്ന കുടിയേറ്റവും; കാനഡയിൽ പൊതുജനാഭിപ്രായം ഇന്ത്യയ്‍ക്കെതിരെന്ന് സർവേ

കനേഡിയൻ പൗരന്മാർക്കിടയിൽ ഇന്ത്യയെക്കുറിച്ചുള്ള പൊതുബോധം മാറിയതായി സർവേ റിപ്പോർട്ട്. ഖാലിസ്ഥാൻ അനുകൂലിയായിരുന്ന ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവും ഇന്ത്യക്കെതിരെയുള്ള ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് കാനഡയിൽ പൊതുജനാഭിപ്രായം ഇന്ത്യക്കെതിരായി വരുന്നതെന്നാണ് സർവേ പറയുന്നത്.

കുടിയേറ്റത്തിനെതിരായ വികാരവും ഇന്ത്യക്കാർക്കെതിരെ നിഷേധാത്മക മനോഭാവം കൂടുന്നതിന് കാരണമായിട്ടുണ്ട്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പോളിങ് ഏജൻസിയായ ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് (എആർഐ) നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്.

2023 മാർച്ച് മുതൽ കാനഡയിൽ ഇന്ത്യയെക്കുറിച്ചുള്ള നല്ല അഭിപ്രായത്തിന്റെ മൂല്യനിർണയം 11 പോയിന്റ് കുറഞ്ഞു. രാജ്യത്തെ അനുകൂലമായി വീക്ഷിക്കുന്നതായി പറയുന്നവർ 33 ശതമാനം മാത്രമാണ്. 2019 ൽ ഇന്ത്യയുടെ പോസിറ്റീവ് റേറ്റിങ് 56 ശതമാനം ആയിരുന്നു.

ചൈനക്കെതിരായാണ് ഏറ്റവും മോശം അഭിപ്രായമുള്ളത് . 79 ശതമാനം ആളുകൾക്കും ചൈനയോട് നിഷേധാത്മക നിലപാട് ആണ് ഉള്ളത്. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നേരത്തെ ആരോപിച്ചിരുന്നു. ഇതും ഇന്ത്യക്കെതിരായ ബോധത്തിന് കാരണമായിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ നിറയുന്ന ഇന്ത്യ വിരുദ്ധ പോസ്റ്റുകളിൽ ഇത് കാണാൻ സാധിക്കും. പ്രധാനമന്ത്രി ട്രൂഡോ ഒരു ദശലക്ഷം ഇന്ത്യൻ ‘അന്താരാഷ്ട്ര വിദ്യാർഥികളെ’ ക്ഷണിച്ചതിനാൽ, ടൊറന്റോയും ബ്രാംപ്ടണും ഇനി കാനഡയുടെ ഭാഗമല്ലെന്നടക്കമുള്ള തരത്തിൽ സോഷ്യൽ മീഡിയിയിൽ പോസ്റ്റുകൾ വരുന്നുണ്ട്.

ഡ്രൈവ്-ബൈ വെടിവെപ്പുകൾ, കൊള്ളയടിക്കാനുള്ള ശ്രമങ്ങൾ, കാർ മോഷണങ്ങൾ, കവർച്ചകൾ എന്നിവയുടെ വർധനവും ഇൻഡോ-കനേഡിയൻമാരുമായി ബന്ധപ്പെട്ട അക്രമങ്ങളും രാജ്യത്തിനെതിരായ പൊതുബോധം ഉണ്ടാക്കുന്നുണ്ടെന്നും സർവേ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*