ഹരിയാന തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ല; ഇവിഎമ്മില്‍ സംശയം; പരാതി നല്‍കും

ന്യൂഡല്‍ഹി: ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇവിഎം അട്ടിമറി ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും ഞെട്ടിപ്പിക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ വിജയം ഇവിഎം ഉപയോഗിച്ച് അട്ടിമറിച്ചെന്നും ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മൂന്ന് ജില്ലകളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെയാണ് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നിരിക്കുന്നതെന്നും ജയറാം രമേശ് പറഞ്ഞു. ഹരിയാനയിലെ വിജയം ബിജെപി അട്ടിമറിച്ചതാണെന്നും മാറ്റത്തിനുവേണ്ടിയുള്ള ജനവികാരത്തിനെതിരാണെന്നും ജയറാം രമേശ് ആരോപിച്ചു. ഇത് കൃത്രിമത്വത്തിന്റെ വിജയമാണെന്നും ജനാധിപത്യത്തിനെതിരായ നടപടിയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ബിജെപിക്ക് തകര്‍പ്പന്‍ ജയമാണ് നേടിയത്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളില്‍ വളരെ പിന്നില്‍ നിന്ന ശേഷമായിരുന്നു ബിജെപിയുടെ ഗംഭീര തിരിച്ചു വരവ്. സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം വട്ടമാണ് ബിജെപി അധികാരം നേടുന്നത്. 90 അംഗ നിയമസഭയില്‍ 48 സീറ്റുമായിട്ടാണ് ബിജെപി ഹാട്രിക് നേട്ടത്തിലേക്കെത്തുന്നത്. കോണ്‍ഗ്രസിന് 37 സീറ്റിലാണ് ലീഡ്.

ഡല്‍ഹിക്കും പഞ്ചാബിനും പുറമെ, ഹരിയാനയിലും ശക്തി പരീക്ഷിക്കാനിറങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് കാലിടറി. ഒരിടത്തും എഎപിക്ക് വിജയിക്കാനായില്ല. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഗ്രാമീണ മേഖലയില്‍ മുന്നേറിയ കോണ്‍ഗ്രസിന്, പക്ഷെ നഗരമേഖലയിലേക്ക് വോട്ടെണ്ണല്‍ കടന്നതോടെ കാലിടറുകയായിരുന്നു. ജാട്ട് മേഖലയിലെ സ്വാധീനം അരക്കിട്ടുറപ്പിച്ചാണ് ബിജെപി മൂന്നാംവട്ടവും അധികാരം ഉറപ്പാക്കിയത്.

മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ നായബ് സിങ് സൈനി ലാഡ് വ മണ്ഡലത്തില്‍ 36,613 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഗുസ്തി താരവുമായ വിനേഷ് ഫോഗട്ട് തകര്‍പ്പന്‍ ജയം നേടി. രാഷ്ട്രീയ ഗോദയിലെ കന്നി മത്സരത്തില്‍ ബിജെപിയുടെ യോഗേഷ് കുമാറിനെ 6015 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഫോഗട്ട് പരാജയപ്പെടുത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*