ഹരിയാന: ‘ജാട്ട്’ അമിതാത്മവിശ്വാസത്തില്‍ അടിതെറ്റി കോണ്‍ഗ്രസ്; കളമറിഞ്ഞ് വിതച്ച് വിജയം കൊയ്ത് ബിജെപി

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അപ്രതീക്ഷിത ഫലത്തിനും അപൂർവതയ്ക്കുമാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂർ ഹരിയാനയില്‍ കോണ്‍ഗ്രസ് തരംഗം ആഞ്ഞടിക്കുകയാണെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. 90 നിയമസഭാ മണ്ഡലങ്ങളില്‍ 72ലും മുന്നേറ്റം കാഴ്ചവെക്കാൻ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. എന്നാല്‍ വൈകാതെ തന്നെ ചിത്രം മാറിമറിഞ്ഞു. സാവധാനം ഓരോ മണ്ഡലത്തിലും ബിജെപി ലീഡ് തിരിച്ചുപിടിച്ചു, വൈകാതെ കേവല ഭൂരിപക്ഷവും കടന്നു.

വോട്ടെണ്ണലിന്റെ രണ്ടാം മണിക്കൂറില്‍‌ തന്നെ കോണ്‍ഗ്രസ് ക്യാമ്പുകളിലെ ആഘോഷങ്ങള്‍ കെട്ടടങ്ങിത്തുടങ്ങിയിരുന്നു. കഴിഞ്ഞ തവണ ബിജെപി നേടിയത് 40 സീറ്റായിരുന്നു, കോണ്‍ഗ്രസ് 31ഉം. ജനനായക് ജനത പാർട്ടി (ജെജെപി)യുടെ പിന്തുണയോടെയാണ് ബിജെപി സർക്കാർ രൂപീകരിച്ചതും. എന്നാല്‍, ഇത്തവണ ജെജെപിയുടെ പിന്തുണയില്ലാതെ തന്നെ 50 സീറ്റിലേക്കെത്താൻ ബിജെപിക്കു സാധിച്ചിട്ടുണ്ട്. ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുവെന്ന വിലയിരുത്തലുണ്ടായിട്ടും കോണ്‍ഗ്രസിന് അഞ്ച് സീറ്റ് കൂടി മാത്രമാണ് നേടാനായത്. ഇതോടെ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു പാർട്ടി ഹാട്രിക്ക് വിജയം നേടിയെടുത്തു.

ജാട്ട് വിഭാഗത്തില്‍ മാത്രം കേന്ദ്രീകരിച്ചായിരുന്നു കോണ്‍ഗ്രസിന്റെ സർക്കാർ രൂപീകരണ സ്വപ്നങ്ങള്‍ നിലനിന്നിരുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാന ജാട്ട് മുഖമായ ഭൂപീന്ദർ സിങ് ഹൂഡയ്ക്കു മറുവാക്ക് പറയാൻ കോണ്‍ഗ്രസ് നേതൃത്വം തയാറായതുമില്ല. ഹൂഡ വിഭാഗത്തില്‍നിന്നുള്ള 70 പേർക്കാണ് സ്ഥാനാർഥി ടിക്കറ്റ് ലഭിച്ചത്.

ബ്രാഹ്മണർ, പഞ്ചാബികള്‍, രാജ്‌പുത് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ളവർക്കാണ് ബിജെപി മുൻതൂക്കം കൊടുത്തത്. 2019ല്‍ വിജയിച്ച ഭൂരിഭാഗം എംഎല്‍എമാരെയും കോണ്‍ഗ്രസ് നിലനിർത്തിയപ്പോള്‍ വിജയിച്ച പകുതിയോളം എംഎല്‍എമാരെയും ബിജെപി തഴഞ്ഞു.

പക്ഷേ, ജാട്ട് വോട്ടുകള്‍ കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലനുസരിച്ച് പെട്ടിയില്‍ വീണതായല്ല ഫലസൂചനകള്‍ വ്യക്തമാകുന്നത്. ജാട്ട് ആധിപത്യമുള്ള 36 സീറ്റില്‍ 19 എണ്ണത്തിലും ബിജെപിയുടെ മുന്നേറ്റമാണ് പ്രകടമായത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇവിടെ 27 മണ്ഡലങ്ങളിലും കോണ്‍ഗ്രസിനായിരുന്നു മേല്‍ക്കൈ. മാസങ്ങള്‍ക്കുശേഷം ഈ സമവാക്യം മാറിമറിഞ്ഞു.

ജാട്ട് വോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച കോണ്‍ഗ്രസിനു മറ്റു വിഭാഗങ്ങളിലേക്ക് എത്താനായില്ലെന്നതും ഫലസൂചനകള്‍ വ്യക്തമാക്കുന്നു. പ്രത്യേകിച്ചും 17 സീറ്റുള്ള എസ് സി വിഭാഗത്തിലേക്ക്. എസ് സി സീറ്റുകള്‍ കൂടുതല്‍ നേടുന്ന പാർട്ടിക്കു സർക്കാർ രൂപീകരണ സാധ്യതകളും കൂടുതലാണ്. ഇതിനുപുറമെ ജെജെപി, ഐഎൻഎല്‍ഡി പാർട്ടികള്‍ ദളിത് പാർട്ടികളുമായി സഖ്യം രൂപീകരിച്ചതോടെ ദളിത് വോട്ടുകളും വിഭജിക്കപ്പെട്ടതായി വേണം കണക്കാക്കാൻ. ഇതിലൂടെ നേട്ടം കൊയ്തതും ബിജെപിയാണ്.

തന്നെ തഴഞ്ഞതിലുള്ള രോഷം തുറന്നുപറഞ്ഞില്ലെങ്കിലും കോണ്‍ഗ്രസിന്റെ മുഖ്യപരിപാടികളില്‍നിന്ന് വിട്ടുനിന്ന് സെല്‍ജ അത് പ്രകടമാക്കി. മുഖ്യപ്രചാരണവേദികളിലും തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയ സന്ദർഭത്തിലുമൊന്നും സെല്‍ജയെ കാണാനുണ്ടായിരുന്നില്ല. ഹൂഡ സഖ്യം ‘ഖർ ഖർ കോണ്‍ഗ്രസ്’ പ്രചാരണവുമായി മുന്നോട്ടുപോയപ്പോള്‍ രണ്‍ദീപ് സുർജേവാല, സെല്‍ജ പക്ഷം ‘കോണ്‍ഗ്രസ് സന്ദേശ് യാത്ര’യുമായാണ് ജനങ്ങളിലേക്കിറങ്ങിയത്. ഇരുപക്ഷങ്ങളെയും ഒത്തിണക്കിക്കൊണ്ടുപോകാൻ നേതൃത്വത്തിന് സാധിച്ചിരുന്നില്ല.

കർണാടകയില്‍ സമാനമായി സിദ്ധരാമയ്യ-ഡി കെ ശിവകുമാർ പക്ഷങ്ങളില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നെങ്കിലും ഒരിക്കലും തിരഞ്ഞെടുപ്പ് വേദികളില്‍ അത് പ്രതിഫലിച്ചിരുന്നില്ല. ഒറ്റക്കെട്ടാണെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താൻ ഇരുവർക്കുമായിരുന്നു. എന്നാല്‍, ഹരിയാനയില്‍ കർണാടക മോഡല്‍ സാധ്യമാക്കാൻ ഹൈക്കമാൻഡിനായില്ല.

ഹരിയാനയിലെ തെക്കൻ മേഖല ബിജെപിയെ തുണയ്ക്കുന്നത് തുടർന്നതും ബിജെപിയുടെ വിജയം എളുപ്പമാക്കി. 2014, 2019 വർഷങ്ങളില്‍ സർക്കാർ രൂപീകരണത്തിന് ബിജെപിയെ പ്രാപ്തമാക്കിയതും ഈ മേഖലയായിരുന്നു. ഭരണവിരുദ്ധവികാരത്തിലും ഇത് ആവർത്തിച്ചുവെന്നുവേണം കരുതാൻ. അഹിർവാള്‍ മേഖലയില്‍ 11 സീറ്റിലാണ് ബിജെപിയുടെ മുന്നേറ്റം കണ്ടത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പത്തിടത്ത് മുന്നേറ്റം കാഴ്ചവെക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. നഗരമേഖലകള്‍ ബിജെപിക്കൊപ്പം നിന്നതും കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചെന്നുവേണം വിലയിരുത്താൻ.

Be the first to comment

Leave a Reply

Your email address will not be published.


*