ന്യൂഡൽഹി : ഹരിയാന തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സഖ്യ ചർച്ചകൾ പുരോഗമിക്കുന്നു. ഇരുപാർട്ടികളും ചേർന്ന് സഖ്യം രൂപീകരിക്കാമെന്ന രാഹുൽ ഗാന്ധിയുടെ നിര്‍ദേശം ആം ആദ്മി പാർട്ടി നേരത്തെ സ്വാഗതം ചെയ്തിരുന്നു.
ആകെ മൊത്തം പത്ത് സീറ്റാണ് എഎപി സഖ്യത്തിൽ നിന്ന് ആവശ്യപ്പെടുന്നത്. ഏഴ് സീറ്റ് വരെ നൽകാൻ കോൺഗ്രസ് തയ്യാറായിരുന്നു. കൂടുതൽ സമവായത്തിലെത്താൻ ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ കെ സി വേണുഗോപാലുമായി ചർച്ച നടത്തും.
രാഹുലിന്റെ നിർദേശത്തെ സ്വാഗതം ചെയ്യുന്നുവെന്ന് എ എപി എംപി സഞ്ജയ് സിങ് പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണന. ഹരിയാനയുടെ ചുമതലയുള്ള നേതാക്കളുമായി ചർച്ച ചെയ്ത് ഇക്കാര്യം തീരുമാനിക്കും. വിഷയം ചർച്ച ചെയ്ത് അന്തിമ തീരുമാനമാകുന്നതോടെ കെജ്‌രിവാളിനെ വിവരം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം, കോൺഗ്രസ്-എഎപി സഖ്യത്തിന് വിജയിക്കാൻ സാധിക്കില്ലെന്ന് ബിജെപി പ്രതികരിച്ചു. ഇരുവരുടേയും സഖ്യം വിജയിക്കില്ലെന്ന് ഡൽഹിയിൽ നാം കണ്ടതാണ്. അവർ എത്ര ശ്രമിച്ചിട്ടും കാര്യമില്ല. ഇനി രാജ്യത്തെ ജനങ്ങളെ വഞ്ചിതരാക്കാൻ ഇവർക്ക് സാധിക്കില്ലെന്നും ബിജെപി എം പി പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു. 90 നിയമസഭാ സീറ്റുകളുള്ള ഹരിയാനയിൽ ഒക്‌ടോബർ അഞ്ചിനാണ് വോട്ടെടുപ്പ്. ഫലം ഒക്‌ടോബർ എട്ടിന് പ്രഖ്യാപിക്കും.
Be the first to comment