ഹരിയാന നാളെ പോളിംഗ് ബൂത്തിലേക്ക് ; ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 90 മണ്ഡലങ്ങള്‍ നാളെ ജനവിധി തേടും

ഹരിയാന നാളെ പോളിംഗ് ബൂത്തിലേക്ക്. ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 90 മണ്ഡലങ്ങള്‍ നാളെ ജനവിധി തേടും. മൂന്നാം മൂഴത്തിന് തയ്യാറെടുക്കുന്ന ബിജെപിയും പത്തുവര്‍ഷത്തിനുശേഷം ഭരണം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം.

 രാവിലെ 7 മണി മുതല്‍ പോളിംഗ് ആരംഭിക്കും. 20,629 ബൂത്തുകള്‍ സജ്ജമായി കഴിഞ്ഞു. നിശബ്ദപ്രചരണ ദിവസമായ ഇന്ന് പരമാവധി വോട്ടുകള്‍ ഉറപ്പിക്കാനുള്ള നീക്കത്തിലാണ് മുന്നണികള്‍. ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ബിജെപി കടുത്ത ആശങ്കയിലാണ്. ബിജെപി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നടപടികള്‍, ഗുസ്തി പ്രതിഷേധം, ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുയര്‍ത്തി വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നാണ് കോണ്‍ഗ്രസിന്റെ പ്രചരണം.

 10 വര്‍ഷം മുന്‍പ് നഷ്ടപ്പെട്ടു പോയ ഭരണം തിരിച്ചുപിടിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ജാതീയ സമവാക്യങ്ങള്‍ വലിയതോതില്‍ സ്വാധീനം ചെലുത്തുന്ന ഹരിയാനയില്‍. ഏറ്റവും വലിയ വിഭാഗമായ ജാട്ട് സമുദായത്തിന്റെ വോട്ടുകള്‍ നിര്‍ണായകമാണ്. ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നതിനിടയില്‍ മനോഹര്‍ ലാല്‍ ഖട്ടറിനെ മാറ്റിയപ്പോള്‍ ജാട്ട് വിഭാഗത്തില്‍ നിന്നൊരു മുഖ്യമന്ത്രിയെ കൊണ്ട് വരാത്തതും ജാട്ട് വിഭാഗത്തിന്റെ അതൃപ്തിക്ക് ആക്കം കൂട്ടിയിരുന്നു.

 ജാട്ട് വിഭാഗങ്ങള്‍ക്കൊപ്പം ന്യൂനപക്ഷ വോട്ടുകളിലുമാണ് ഇക്കുറി കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഒറ്റയ്ക്ക് മത്സരിക്കുന്ന ജെജെപി, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ കോണ്‍ഗ്രസ് ബിജെപി വോട്ടുകളില്‍ കടന്നുചെന്നാല്‍ ഇരുകൂട്ടര്‍ക്കും ഉയര്‍ത്തുക കടുത്ത വെല്ലുവിളിയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*