സർക്കാരിന്റെ സിനിമ ടിക്കറ്റിങ് ആപ്പും ഫെഫ്കയും തമ്മിൽ എന്താണ് ബന്ധം? ആരോപണത്തെ നിയമപരമായി നേരിടും; ബി ഉണ്ണികൃഷ്ണൻ

കുറഞ്ഞ ചെലവിൽ സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനം വൻകിട കമ്പനിക്ക് വേണ്ടി അട്ടിമറിച്ചുവെന്ന നടൻ ഉണ്ണി ശിവപാലിന്റെ ആരോപണം തള്ളി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ.മുഴുവൻ തെളിവുകളുമായി ഉണ്ണി ശിവപാൽ മുന്നോട്ട് വരണമെന്നും ചെലവുകുറഞ്ഞ സിനിമ ടിക്കറ്റിങ് ആപ്പുമായും ഫെഫ്കയുമായും എന്താണ് ബന്ധമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

സർക്കാർ ഇത്തരത്തിലുള്ള ആപ്ലിക്കേഷൻ ഡെവലപ്പ് ചെയ്യുന്നുണ്ടെന്ന് അറിയാം.അതിന്റെ ഭാഗമായി ഒരുവർഷം മുന്നേ നടന്ന പരീക്ഷണം മൂന്ന് തീയറ്ററുകളിലായി ഷാജി എൻ കരുൺ നടത്തിയിരുന്നു. സർക്കാരും കെൽട്രോണും ചേർന്നായിരുന്നു അന്ന് ആ സംവിധാനം ചെയ്തിരുന്നത്.അതിൽ എങ്ങിനെയാണ് മറ്റൊരു പ്രൈവറ്റ് കമ്പനികൾക്ക് റോൾ ഉള്ളതെന്ന് അറിയില്ലെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

കുറെ നാൾ മുന്നേ നടന്ന സംഭവം ദേഹം എന്തുകൊണ്ടാണ് ഇപ്പോൾ പറയുന്നതെന്നും ഉണ്ണി ശിവപാലിന്റെ ആരോപണം തന്നെ ബാധിക്കുന്നതല്ലെന്നും ഇനിയും ആരോപണം ഉന്നയിക്കുകയും കൂടുതൽ തെളിവുകളുമായി മുന്നോട്ട് വരികയും ചെയ്യുകയാണെങ്കിൽ നിയമപരമായി നേരിടുമെന്നും ബി ഉണ്ണികൃഷ്ണൻ  വിശദമാക്കി.

അതേസമയം, ഗണേഷ്‌കുമാർ മന്ത്രി ആയിരിക്കുന്ന സമയത്ത് അദ്ദേഹത്തെ സ്വാധീനിച്ചുവെന്ന വാർത്തയും ബി ഉണ്ണികൃഷ്ണൻ തള്ളി. ഗണേഷ്‌കുമാറുമായി ഒരു സ്വാധീനവും ഉണ്ടാക്കാൻ താൻ ഇതുവരെ ശ്രമിച്ചിട്ടില്ല, ഉണ്ടെങ്കിൽ അദ്ദേഹം തന്നെ ഇതിന് മറുപടി പറയട്ടെയെന്നും ഉണ്ണികൃഷ്ണൻ  പറഞ്ഞു.

സർക്കാരിന്റെ ഓൺലൈൻ സിനിമ ടിക്കറ്റ് ബുക്കിംഗ് സംവിധാനം അട്ടിമറിച്ചത് ബി ഉണ്ണികൃഷ്ണൻ ആണെന്നായിരുന്നു ഉണ്ണി ശിവപാലിന്റെ വെളിപ്പെടുത്തൽ. കുറഞ്ഞ ചെലവിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനം വൻകിട കമ്പനിക്ക് വേണ്ടി ഉണ്ണികൃഷ്ണൻ അട്ടിമറിച്ചെന്നാണ് ഫെഫ്ക അംഗമായ ഉണ്ണി ശിവപാൽ ആരോപിച്ചത്. ഉണ്ണി ശിവപാലിന്റെ ഐ-നെറ്റ് വിഷൻ എന്ന കമ്പനിയായിരുന്നു കുറഞ്ഞ തുക ക്വാട്ട് ചെയ്തത്. ബി ഉണ്ണികൃഷ്ണൻ നിഷേധിച്ചാൽ തെളിവുകൾ പുറത്തു വിടുമെന്നും ഉണ്ണി ശിവപാൽ  പറഞ്ഞു. സർക്കാർ അപ്ലിക്കേഷനിൽ സിനിമ ബുക്ക് ചെയ്യാൻ വേണ്ടിയിരുന്നത് സർവീസ് ചാർജ് ആയി 10 രൂപ മാത്രമായിരുന്നു. ഇതിൽ അഞ്ച് രൂപ ക്ഷേമനിധിയിലേക്കും അഞ്ച് രൂപ തിയറ്റർ ഉടമകൾക്കുമായിരുന്നു.

ടിക്കറ്റ് ബുക്കിംഗിന് വൻകിട കമ്പനിക്കായി ബി ഉണ്ണികൃഷ്ണൻ ഇടപെടന്നാണ് ഉണ്ണി ശിവപാൽ ആരോപിക്കുന്നത്. കുറഞ്ഞ ടെൻഡർ തുക വെച്ചിട്ടും തന്റെ കമ്പനിയെ ഒഴിവാക്കിയെന്നും ഉണ്ണി ശിവപാൽ പറഞ്ഞു. സർക്കാർ തലത്തിൽ വൻ ഇടപെടലുകൾ നടത്തി പദ്ധതിയെ അട്ടിമറിക്കാൻ ശ്രമം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.നികുതി വെട്ടിപ്പ് പൂർണമായി തടയാൻ ഉപകരിക്കുന്ന സംവിധാനമായിരുന്നു സർക്കാരിന്റെ സിനിമ ടിക്കറ്റ് ബുക്കിംഗ് ആപ്ലിക്കേഷൻ. ഇത്രത്തോളം ഗുണം കിട്ടേണ്ടിയിരുന്ന പദ്ധതിയാണ് ബി ഉണ്ണികൃഷ്ണനെ ഇടനിലക്കാരനായി വെച്ച് ഇല്ലാതാക്കിയതെന്ന് ഉണ്ണി ശിവപാൽ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*