പാതയോരങ്ങളിലെ ഫ്ലക്‌സ് ബോര്‍ഡ്:’നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കേസെടുത്തെന്ന് ഉറപ്പാക്കണം’; അന്തിമ ഉത്തരവിറക്കി ഹൈക്കോടതി

എറണാകുളം: സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത ഫ്ലക്‌സ് ബോ‍ർഡുകൾ സംബന്ധിച്ച് അന്തിമ ഉത്തരവിറക്കി ഹൈക്കോടതി. സർക്കാരും കോടതിയും പുറപ്പെടുവിച്ച ഉത്തരവുകൾ കർശനമായി നടപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കേസ് എടുക്കുന്നത് സംസ്ഥാന പോലീസ് മേധാവി ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ നിയമപരമായ ഉത്തരവാദിത്വം നിർവഹിക്കണം. നിയമ ലംഘകർക്കെതിരെ പിഴ ഈടാക്കുന്നുവെന്ന് ഉറപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങളിൽ എല്ലാ മാസവും യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തണം. തദ്ദേശ സ്ഥാപന ജോയിന്‍റ് ഡയറക്‌ടർക്കായിരിക്കും ഇക്കാര്യത്തിൽ ഏകോപന ചുമതലയെന്നും ഹൈക്കോടതിയുടെ മാർഗനിർദേശത്തിൽ പറഞ്ഞു.

ഉത്തരവുകൾ നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. പുതിയ അമിക്കസ്ക്യൂറിയേയും നിയോഗിച്ച ഹൈക്കോടതി നിശ്ചിത ഇടവേളകളിൽ റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിട്ടു.

പ്രാദേശിക പോലീസ് കേസെടുക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഡിജിപിയാണ് ഉറപ്പ് വരുത്തേണ്ടത്. തദ്ദേശ സ്ഥാപന സെക്രട്ടറിമാരും പിഴ ഈടാക്കുന്നതിൽ ശ്രദ്ധ പുലർത്തണം. നിലവിലെ അനധികൃത ഫ്ലക്‌സ് ബോർഡുകള്‍ നീക്കം ചെയ്യുന്നതിൽ സർക്കാരിനെ കോടതി അഭിനന്ദിക്കുകയും ചെയ്‌തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*