ആത്മകഥയുടെ ആദ്യഭാഗം ഈ മാസം പൂർത്തിയാകും,പ്രസാധകരെ തീരുമാനിച്ചിട്ടില്ല; ഇ പി ജയരാജൻ

ആത്മകഥയുടെ ആദ്യഭാഗം ഈ മാസം പൂർത്തിയാകുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ആത്മകഥ ഉടൻ പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്, പ്രസാധകരെയോ, പേരോ ഇതുവരെ നിശ്ചയിച്ചിട്ടില്ല. രണ്ടാം ഭാഗം ജീവചരിത്രമായി പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട്,ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ഇ പി ജയരാജന്റെ ‘കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റ് ജീവിതം’ എന്ന പേരിലുള്ള പുസ്തത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് ആത്മകഥാ ചോര്‍ച്ചയില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും ആരോപിച്ച് ജയരാജൻ ഡി ജി പിക്ക് പരാതിയും നല്‍കിയിരുന്നു. പുസ്തകത്തിന്റെ പ്രചാരണാര്‍ഥം ഇറക്കിയ എല്ലാ സാമൂഹിക മാധ്യമ പോസ്റ്റുകളും പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഡി സിക്കും ഇപി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ഡി സി ബുക്ക്‌സിന് നല്‍കില്ലെന്നും ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും ഇ പി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, സിപിഐഎമ്മിനെ തകര്‍ക്കാന്‍ അമേരിക്കയിലെ യൂണിവേഴ്സിറ്റിയില്‍ പരിശീലനം നൽകുന്നുവെന്ന പ്രസ്താവന ഇ പി ജയരാജൻ വീണ്ടും ആവർത്തിച്ചു. തീവ്രവാദികളെ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പരിശീലനമാണ് അവിടെ നല്കുന്നതെന്നും പരിശീലനം നൽകി പല രാജ്യങ്ങളിൽ വിന്യസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*