ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം. എത്ര സമ്പാദ്യം ഉണ്ടായാലും ആരോഗ്യം ഇല്ലെങ്കില്‍ അതൊന്നും അനുഭവിക്കാനാകില്ലെന്ന് സാരം. ഇന്നത്തെ ഈ തിരക്കേറിയ ജീവിത രീതിയില്‍ പലരും ആരോഗ്യ സംരക്ഷണത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. ശരീരത്തിലെ മാറ്റങ്ങളോ അടയാളങ്ങളോ ഒക്കെ ശ്രദ്ധിക്കാതെ പോകുകയും അത് പിന്നീട് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ വര്‍ഷത്തിലൊരിക്കല്‍ പൂര്‍ണ്ണ ബോഡി ചെക്കപ്പ് നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. അത്തരത്തില്‍ വര്‍ഷത്തിലൊരിക്കലെങ്കിലും നടത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട 10 ഹെല്‍ത്ത് ടെസ്റ്റുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. രക്തപരിശോധന:
വിളര്‍ച്ച (ഹീമോഗ്ലോബിന്‍ അളവ് കുറയല്‍), ഏതെങ്കിലും അണുബാധ എന്നിവ അറിയാന്‍ രക്തപരിശോധന ആവശ്യമാണ്. പോളിസിതെമിയ (ഹീമോഗ്ലോബിന്‍ വര്‍ദ്ധനവ്), രക്താര്‍ബുദം (ല്യൂക്കോസൈറ്റുകളുടെ എണ്ണത്തില്‍ മാറ്റം), ഇമ്മ്യൂണ്‍ ത്രോംബോസൈറ്റോപീനിയ (കുറഞ്ഞ പ്ലേറ്റ്ലെറ്റുകള്‍) തുടങ്ങിയ അപൂര്‍വ അവസ്ഥകളും രക്തപരിശോധനയിലൂടെ കണ്ടെത്താം.അലര്‍ജികള്‍ ഉണ്ടോ എന്നറിയാനും രക്തപരിശോധന നടത്തേണ്ടി വരും.
2. ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്:
ആരോഗ്യമുളള കരള്‍ നിങ്ങളുടെ ശരീരത്തിലെ വിഷവസ്തുക്കളെ ഫില്‍ട്ടര്‍ ചെയ്യുകയും പഞ്ചസാര നിയന്ത്രിക്കുകയും ചെയ്യും. ബിലിറൂബിന്‍ വര്‍ദ്ധിക്കുന്നത് കരള്‍ രോഗങ്ങളായ ഫാറ്റി ലിവര്‍, കരളിലോ പിത്തസഞ്ചിയിലോ കല്ലുകളോ മുഴകളോ ഉണ്ടാകുന്ന സിറോസിസ് പോലുള്ള രോഗങ്ങളുണ്ടാക്കാം. ഈ പരിശോധനയിലൂടെ ഇത്തരം രോഗങ്ങള്‍ നേരത്തേ കണ്ടുപിടിക്കാന്‍ ഇടയാക്കും.
3. മൂത്രപരിശോധന:
മൂത്രത്തിലെ അണുബാധ, മൂത്ര നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കണ്ടെത്താന്‍ മൂത്രപരിശോധന സഹായിക്കും. ഇതോടെ മൂത്രത്തില്‍ രക്തം, പ്രോട്ടീന്‍, വൃക്കരോഗങ്ങള്‍ തുടങ്ങിയ കാര്യങ്ങളും കണ്ടുപിടിക്കാനാകും.
4. വൈറ്റമിന്‍ ഡി, ബി12 ടെസ്റ്റ്:
വൈറ്റമിന്‍ ഡിയുടെ കുറവ് നഗരവാസികള്‍ക്കിടയില്‍ വളരെ സാധാരണമാണ്. വിറ്റാമിന്‍ ബി 12 ന്റെ കുറവ് സസ്യാഹാരികളിലാണ് സാധാരണയായി കണ്ടുവരുന്നത്. ഭക്ഷണത്തിലും ജീവിതശൈലിയിലും മാറ്റങ്ങള്‍ വരുത്തി ഇത് പരിഹരിക്കാനാകും.
5. ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റ്:
നാമെല്ലാവരും അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവരാണ്. കൊളസ്ട്രോള്‍ , ട്രൈഗ്ലിസറൈഡിന്റെ അളവ് എന്നിവ നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന പരിശോധനയാണ് ലിപിഡ് പ്രൊഫൈല്‍.
6. റീനല്‍ പ്രൊഫൈല്‍:
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയുള്ളവരില്‍ വൃക്കരോഗം നേരത്തേ കണ്ടെത്തുന്നതിന് ഈ ടെസ്റ്റ് ഉപയോഗപ്രദമാണ്. യുവാക്കളില്‍ ഓട്ടോ ഇമ്മ്യൂണ്‍ സ്‌റ്റേജ് കണ്ടെത്തുന്നതിനാണ് ഈ ടെസ്റ്റ് ചെയ്യുന്നത്. ഇതുകൂടാതെ, സോഡിയത്തിന്റെ അളവ് കുറയുക, പൊട്ടാസ്യത്തിന്റെ അളവ് തുടങ്ങിയ ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയും ഇതിലൂടെ കണ്ടെത്താനാകും.
7. ഷുഗര്‍ ടെസ്റ്റ്:
ഒട്ടുമിക്കപേരെയും ബാധിക്കുന്ന ജീവിതശൈലി രോഗമാണ് പ്രമേഹം. റാന്‍ഡം ബ്ലഡ് ഷുഗര്‍ ടെസ്റ്റ് ചെയ്യുന്നതിലൂടെ പ്രമേഹം കണ്ടെത്താനും അത് പരിശോധിക്കാനും കഴിയും.
8. പ്രോസ്റ്റേറ്റ് സ്‌പെസിഫിക് ആന്റിജന്‍:
50 വയസോ അതില്‍ കൂടുതലോ പ്രായമുള്ള പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ നേരത്തേ കണ്ടെത്തുന്നതിന് വര്‍ഷത്തില്‍ ഒരിക്കല്‍ പിഎസ്എ പരിശോധന ആവശ്യമാണ്.
9. പാപ് സ്മിയര്‍ ടെസ്റ്റ്:
50 വയസോ അതില്‍ കൂടുതലോ പ്രായമുള്ള സ്ത്രീകള്‍ക്ക് പാപ് സ്മിയര്‍ ടെസ്റ്റ് അത്യാവശ്യമാണ്. ഇത് ഗര്‍ഭാശയ ക്യാന്‍സര്‍ നേരത്തേ കണ്ടെത്താന്‍ സഹായിക്കും.
10. മാമോഗ്രാം ടെസ്റ്റ്:
40 വയസോ അതില്‍ കൂടുതലോ പ്രായമുള്ള സ്ത്രീകള്‍ മാമോഗ്രാം ടെസ്റ്റ് നടത്തണം. ഇതില്‍ മാറിടത്തിന്റെ എക്‌സ്-റെയെടുക്കും ഇത് സ്തനാര്‍ബുദം ആരംഭത്തില്‍ തന്നെ കണ്ടെത്താന്‍ സഹായിക്കും.
Be the first to comment