ഏറ്റുമാനൂർ: ജീവിത ശൈലി രോഗങ്ങള്‍ തടയുവാന്‍ ഭക്ഷണ ക്രമത്തിലെ അച്ചടക്കം അനിവാര്യമാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ലോക ആരോഗ്യ ദിനത്തിന് മുന്നോടിയായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ആരോഗ്യ അവബോധ സെമിനാറിന്റെയും സന്നദ്ധ പ്രവര്‍ത്തകര്‍ക്കായുള്ള ഹൈജീന്‍ കിറ്റുകളുടെ വിതരണത്തിന്റെയും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ സുരക്ഷയ്ക്ക് പര്യാപ്തമായ കാര്‍ഷിക ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിന് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രകൃതിയില്‍ നിന്ന് അകന്നുകൊണ്ടുള്ള ഭക്ഷണ രീതിയുടെ അവലമ്പനത്തിലൂടെ നിരവധിയായ ആരോഗ്യ പ്രശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ആരോഗ്യ സുരക്ഷയ്ക്ക് പരിസ്ഥിതി സംരക്ഷണവും മാലിന്യ സംസ്‌ക്കരണവും അത്യന്താപേക്ഷിതമായ കാര്യമാണെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. മഹാത്മാ ഗാന്ധി യുണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ് വിശിഷ്ഠാതിഥിയായി പങ്കെടുത്തു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അഡ്വ. വി.ബി ബിനു, കോട്ടയം ജില്ലാ സപ്ലൈ ഓഫീസര്‍ ജയപ്രകാശ് വി., കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. സിജോ ആല്‍പ്പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യ അവബോധ സെമിനാറിന് ഡോ. റോസമ്മ സോണി നേതൃത്വം നല്‍കി. ആരോഗ്യ അവബോധ പരിപാടിയോടനുബന്ധിച്ച് സോപ്പുകള്‍, ടര്‍ക്കികള്‍, ഡിറ്റര്‍ജന്റ്, മാസ്‌ക്കുകള്‍ എന്നിവ അടങ്ങുന്ന ഹൈജീന്‍ കിറ്റുകളും വിതരണം ചെയ്തു.
Be the first to comment