ബീറ്റ്‌റൂട്ട് നിസാരക്കാരനല്ല; ശീലമാക്കിയാൽ പലതുണ്ട് ​ഗുണം

ബീറ്റ്റൂട്ട് കാണുന്നപോലെ അത്ര നിസാരക്കാരനല്ല. ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നത് ശീലമാക്കിയാൽ പലതുണ്ട് ഗുണം. വിറ്റാമിൻ എ, സി, ഇരുമ്പ്, പൊട്ടാസ്യം, ഡയറ്ററി ഫൈബർ തുടങ്ങിയ പ്രധാന പോഷകങ്ങളാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കരളിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താനും ദഹനം എളുപ്പമാക്കാനും ബീറ്റ്റൂട്ട് വളരെ നല്ലത്.

ബീറ്റ്റൂട്ടിൽ ധാരാളം നൈട്രേറ്റുകൾ ഉള്ളതിനാൽ ഇത് രക്തക്കുഴലുകളെ വിശാലമാക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ബീറ്റ്‌റൂട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആന്റിഓക്‌സിഡന്റുകളിൽ ഒന്നാണ് ബെറ്റാസയാനിൻ. ബീറ്റ്റൂട്ട് ജ്യൂസിൽ ബീറ്റൈൻ അടങ്ങിയിട്ടുണ്ട്. ഇത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ചികിത്സിക്കാൻ സഹായിക്കും. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിലൂടെ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ബീറ്റ്റൂട്ട് കറിവെച്ചും ജ്യൂസ് അടിച്ചും കുടിക്കാം. ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടതാക്കും. ഇതിലെ നിരവധി ആന്റിടോക്സിക് ഗുണങ്ങൾ ശരീരത്തിലെ മലിനീകരണം നീക്കം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ ഉയർന്ന ഇരുമ്പിന്റെ അളവ് വേഗത്തിലുള്ള കോശ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. ബീറ്റ്റൂട്ടിന്റെ വിറ്റാമിൻ സി ഹൈപ്പർപിഗ്മെന്റേഷൻ എന്ന ചർമ്മരോഗാവസ്ഥയെ തടയാൻ സഹായിക്കുന്നു.

ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുള്ള ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ബീറ്റ്റൂട്ടിൽ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം, ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്നിവ തടയാനും സഹായിക്കുന്നു. വൻകുടലിലെ കാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ബീറ്റ്റൂട്ട് കഴിക്കുന്നത് നല്ലതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*