മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ഒഴിവാക്കാണോ?

നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു സമീകൃത പോഷകാഹാരമാണ് മുട്ട. പുഴുങ്ങിയോ, ഓംലൈറ്റ് അടിച്ചോ ബുള്‍സൈയായോ ദിവസവും ഓരോ മുട്ട കഴിച്ചാല്‍ 13 വ്യത്യസ്ത തരം വൈറ്റമിനുകളും പോഷണങ്ങളുമാണ് നമുക്ക് ലഭിക്കുക. എന്നാല്‍ അടുത്തിടെയായി മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിക്കുന്ന പ്രവണത വര്‍ധിച്ചു വരുന്നുണ്ട്. കൊളസ്ട്രോള്‍ (cholesterol) കൂടുമെന്ന് പേടിച്ചും മുഖത്ത് കുരുക്കള്‍ ഉണ്ടാകുമെന്ന് ഭയന്നുമാണ് പലരും ഭക്ഷണത്തില്‍ നിന്നും മുട്ട (egg) യെതന്നെ പൂര്‍ണമായോ മുട്ടയുടെ വെള്ളയേയോ ഒഴിവാക്കുന്നത്. എന്നാല്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് മുട്ട. അസ്ഥികളുടെ ആരോഗ്യത്തെയും പ്രതിരോധ സംവിധാനത്തെയും സഹായിക്കുന്ന വിറ്റാമിന്‍ ഡി,  കരളിന്റെ പ്രവര്‍ത്തനത്തിനും മസ്തിഷ്‌ക വികസനത്തിനും സഹായിക്കുന്ന കോളിന്‍ എന്ന ന്യൂട്രിയന്റിന്റെയും നല്ല ഉറവിടവുമാണ് മുട്ട.

എന്നാല്‍ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിക്കുന്നതിലൂടെ അവശ്യമായ പല പോഷണങ്ങളുമാണ് ശരീരത്തിന് നാം നഷ്ടപ്പെടുത്തുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ പാതി ഗുണഫലമേ ഇതിലൂടെ ലഭിക്കുകയുള്ളൂ. മുട്ടയുടെ മഞ്ഞക്കരുവിലാണ് പോഷണങ്ങള്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വെള്ളയില്‍ കുറഞ്ഞ തോതിലുള്ള പോഷണങ്ങള്‍ മാത്രമേയുള്ളൂ. വൈറ്റമിന്‍ എ, ഡി, ഇ, കെ, ആറ് വ്യത്യസ്ത തരം ബി വൈറ്റമിനുകള്‍, അയണ്‍, കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക്, ഫോളേറ്റ് എന്നിവ മുട്ടയില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ ഇവയുടെ അംശം കൂടുതല്‍ അടങ്ങിയിരിക്കുന്നത് വെള്ളയെ അപേക്ഷിച്ച് മഞ്ഞക്കരുവിലാണ്. പ്രോട്ടീനാണ് മുട്ടയുടെ വെള്ളയില്‍ മുഖ്യമായും ഉള്ളത്. 

പ്രായമായവരില്‍ കണ്ട് വരുന്ന തിമിരത്തിന്റെയും മാക്യുലര്‍ ഡീജനറേഷന്റെയും അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നിവയുടെ പ്രധാന ഉറവിടമാണ് മുട്ട. കുട്ടികള്‍ക്ക് ദിവസവും ഒരു മുട്ട നല്‍കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു.

മുട്ട കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഒരു വലിയ മുട്ടയില്‍ 6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടാകും. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി 5, വിറ്റാമിന്‍ ബി 12, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും മുട്ടയില്‍ അടങ്ങിയിരിക്കുന്നു. പ്രഭാതഭക്ഷണത്തിന് ഒരു മുട്ട ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.

ഉയര്‍ന്ന കൊളസ്‌ട്രോള്‍, കൊഴുപ്പ്, സോഡിയം എന്നിവയാണ് മഞ്ഞക്കരു ഉപേക്ഷിക്കാനുള്ള കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ പരിമിതമായ തോതില്‍ മുട്ട ഉള്‍പ്പെടുന്ന ആരോഗ്യകരമായ ഭക്ഷണക്രമവും  വ്യായാമം ഉള്‍പ്പെടുന്ന സജീവ ജീവിതശൈലിയും പിന്തുടരുന്നവര്‍ക്ക് ഈ കൊളസ്‌ട്രോളും കൊഴുപ്പും പ്രശ്‌നമുണ്ടാക്കില്ല. ഭാരം കുറയ്ക്കാനും പേശികള്‍ വികസിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് അല്‍പം കൊളസ്‌ട്രോളും കൊഴുപ്പും ആവശ്യമാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നുണ്ട്. ഊര്‍ജ്ജത്തിന്റെ തോത് വര്‍ധിപ്പിക്കാനും പേശികള്‍ വളര്‍ത്താനും സഹായിക്കുന്ന ടെസ്റ്റോസ്റ്റെറോണ്‍ ഹോര്‍മോണിനും കൊളസ്‌ട്രോള്‍ ആവശ്യമാണ്. എല്ലുകളുടെ കരുത്ത് വര്‍ധിപ്പിക്കാനാവശ്യമായ വൈറ്റമിന്‍ ഡിയ്ക്കും ഇത് ആവശ്യമാണ്. മുട്ടയിലെ കൊഴുപ്പും പൊതുവേ ആരോഗ്യകരമായിട്ടാണ് കരുതപ്പെടുന്നത്. ശരീരത്തെ ചൂടാക്കാനും ദീര്‍ഘനേരത്തേക്ക് വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കാനും ഈ കൊഴുപ്പ് സഹായകമാണ്. 

Be the first to comment

Leave a Reply

Your email address will not be published.


*