കടുകുമണിയോളം വലുപ്പമെന്ന് പറഞ്ഞ് പലപ്പോഴും കടുകിനെ കുറച്ചു കാണിക്കുന്നവരാണ് നമ്മളിൽ പലരും. കാഴ്ച്ചയിൽ കുഞ്ഞനാണെങ്കിലും ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുന്നിലാണ് കടുകിന്‍റെ സ്ഥാനം. മിക്ക ഭക്ഷണങ്ങളിലും കടുക് പൊട്ടിച്ച് ഇടുന്നവരാണ് നമ്മൾ മലയാളികൾ. ഭക്ഷണത്തിന്‍റെ രുചി വർധിപ്പിക്കാൻ മാത്രമുള്ള ഒന്നാണ് കടുകെന്നാണ് പലരുടെയും ധാരണ. എന്നാൽ ഇതിന്‍റെ ഗുണത്തെ കുറിച്ച് പലർക്കും അറിയില്ലെന്നതാണ് സത്യം. പതിവായി കടുക് കഴിക്കുന്നത് ശരീരത്തിന് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകും. കടുകിന്‍റെ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.
ശരീരഭാരം കുറയ്ക്കാൻ
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കടുക് കഴിക്കുന്നത് നല്ലതാണ്. ഒരു ടീസ്‌പൂൺ കടുക് കഴിക്കുന്നത് നാല് കലോറി കുറയ്ക്കാൻ സഹായിക്കും.
കൊളസ്‌ട്രോൾ കുറയ്ക്കാൻ
ഒമേഗ – 3, ഒമേഗ -6 ഫാറ്റി ആസിഡുകൾ എന്നിവ കടുകിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ട്രൈഗ്ലിസറൈഡിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കുകയും നല്ല കൊളസ്‌ട്രോൾ അളവ് കൂട്ടുകയും ചെയ്യും. പതിവായി കടുക് കഴിക്കുന്നത് ഹൃദയാരോഗ്യം നിലനിർത്താനും സഹായിക്കും.
എല്ലുകളെ ശക്തിപ്പെടുത്താൻ
കടുകിൽ കാൽസ്യം, മഗ്നീഷ്യം, മാംഗനീസ്, ഫോസ്‌ഫറസ്, തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെയും പല്ലുകളെയും ശക്തിപ്പെടുത്തും. അസ്ഥിക്ഷയം (ഓസ്റ്റിയോ പെറോസിസ്) തടയാനും കടുക് ഫലപ്രദമാണ്. അതിനാൽ സ്ഥിരമായി കടുക് കഴിക്കാം.
ക്യാൻസർ പ്രതിരോധിക്കാൻ
വിവിധ ക്യാൻസറുകളെ പ്രതിരോധിക്കാനുള്ള കഴിവ് കടുകിനുണ്ട്. ബ്ലാഡർ ക്യാൻസർ, സെർവിക്കൽ ക്യാൻസർ, മലാശയ ക്യാൻസർ തുടങ്ങിയവ തടയാൻ കടുക് സഹായിക്കും. ഇതിൽ അടങ്ങിയിട്ടുള്ള ഫൈറ്റോ കെമിക്കലായ ഗ്ലൂക്കോസൈനോലേറ്റ്സ് ആണ് ക്യാൻസർ തടയാൻ സഹയിക്കുന്ന ഘടകം.
ആസ്‌മ
ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള സെലിനിയം എന്ന സംയുക്തം കടുകിൽ അടങ്ങിയിട്ടുണ്ട്. ഇത് ആസ്‌മ ഉൾപ്പെടയുള്ള ശ്വസന സംബന്ധമായ പ്രശ്‌നങ്ങൾക്ക് ആശ്വാസം നൽകും. ആസ്‌മയുള്ളപ്പോൾ കടുകെണ്ണ നെഞ്ചിൽ പുരട്ടുന്നത് ഗുണകരമാണ്.
ദഹനം മെച്ചപ്പെടുത്താൻ
കടുകിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനാരോഗ്യം നിലനിർത്താൻ സഹായിക്കും. പതിവായി കടുക് കഴിക്കുന്നത് മലബന്ധം തടയാനും ഗുണം ചെയ്യും. കൂടാതെ ദഹനം മെച്ചപ്പെടുത്തുകയും പോഷകങ്ങൾ ആഗിരണം ചെയ്യാനും കടുക് സഹായിക്കും.
ആർത്തവ വേദന അകറ്റാൻ
കടുകിൽ മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാൽ ഹോർമോൺ ബാലൻസ് ചെയ്യാൻ ഇത് സഹായിക്കും. അതിനാൽ ആർത്തവ സമയത്തെ വേദന അകറ്റാൻ ഇത് ഫലപ്രദമാണ്. ശരീരത്തിന്‍റെ മൊത്തത്തിലുള്ള വേദന കുറയ്ക്കാനും കടുക് നല്ലതാണ്.
പ്രമേഹം നിയന്ത്രിക്കാൻ
രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് കടുക്. മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇൻസുലിൻ ഉത്പാദനം, ഇൻസുലിൻ സെൻസിറ്റിവിറ്റി എന്നിവ മെച്ചപ്പെടുത്താൻ ഇത് ഗുണം ചെയ്യും.
ചമ്മരാരോഗ്യം സംരക്ഷിക്കാൻ
കടുകിൽ ഉയർന്ന അളവിൽ സർഫർ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. ആന്‍റി ബാക്റ്റീരിയൽ, ആന്‍റി ഫംഗൽ ഗുണങ്ങൾ സൾഫറിനുള്ളതിനാൽ മുഖക്കുരു, ഫംഗസ് അണുബാധ ഉൾപ്പെടെയുള്ള ചർമ്മ പ്രശ്‌നങ്ങൾ തടയാൻ കടുക് നല്ലതാണ്.
മുടി വളരാൻ
മുടി വളരാൻ കടുകെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിൽ വിറ്റാമിൻ എ, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയ്ക്കും മുടി പൊട്ടുന്നത് തടയാനും വളരെയധികം സഹായിക്കും. മൊത്തത്തിലുള്ള മുടിയുടെ ആരോഗ്യത്തിനും കടുകെണ്ണ ഗുണം ചെയ്യും.
Be the first to comment