മ്യൂസിക് തെറാപ്പി അഥവാ സംഗീത ചികിത്സ; അറിയാം… കൂടുതലായി

മരുന്നുകൾ കൊണ്ട് ഭേദപ്പെടുത്താൻ കഴിയാത്ത മനസ്സിലെ മുറിവുകളെ സംഗീതത്തിന് കീഴ്പ്പെടുത്താൻ കഴിയും എന്ന് മനഃശാസ്ത്രജ്ഞർ പറയാറുണ്ട്. ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ച സംഗീത ചികിത്സയാണ് മ്യൂസിക് തെറാപ്പി (Music Therapy) എന്ന് അറിയപ്പെടുന്നത്. ഗവേഷണപഠനങ്ങൾ നിരവധി നടക്കുന്ന ഒരു ശാസ്ത്ര മേഖല കൂടിയാണ് മ്യൂസിക് തെറാപ്പിയുടേത്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയെടുത്തിരിക്കുന്ന  ഈ ചികിത്സ സമ്പ്രദായത്തിന്റെ ഗുണങ്ങൾ അത്ര നിസ്സാരമല്ല. മാനസികം, ശാരീരികം, വൈകാരികം, ആത്മീയം, വൈജ്ഞാനികം, സാമൂഹികം എന്നിങ്ങനെ ആറു തലങ്ങളിലാണ് മനുഷ്യരിൽ മ്യൂസിക് തെറാപ്പിയുടെ പ്രായോഗിക ഗുണങ്ങൾ തെളിയിച്ചിട്ടുള്ളത്.

മനസ്സിനുള്ളിൽ കെട്ടികിടക്കുന്ന വികാരങ്ങൾ പുറത്തേക്കു കൊണ്ടുവരാനും, ഒറ്റപ്പെടലിൽ നിന്നും രക്ഷനേടാനും, വിഷാദത്തിൽ നിന്നും കരകയറാനും,  ഓർമശക്തി വീണ്ടെടുക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും സംഗീതം സഹായിക്കുന്നു. ഹൃദയമിടിപ്പ് നിയന്ത്രിക്കുക, ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുക, സുഖകരമായ ഉറക്കം ഉറപ്പാക്കുക, വേദന കുറയ്ക്കുക, ശാരീരികമായ ചലനങ്ങളെ ഉത്തേജിപ്പിക്കുക, അകാലത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് ശരീരഭാരം കൂടുന്നതിനും സുഖനിദ്രയ്ക്കും സഹായകമാവുക, ആത്മീയതയിലേക്ക് മനുഷ്യ മനസ്സുകളെ അടുപ്പിക്കുക, ആത്മനിയന്ത്രണം മെച്ചപ്പെടുത്തുക, സാഹചര്യങ്ങളെ നേരിടാനുള്ള ഉൾക്കരുത്ത് നൽകുക, ആത്മാഭിമാനം ഉയർത്തുക, തുടങ്ങി ഹൃദയസംബന്ധിയായ വിവിധതരം രോഗാവസ്ഥകൾ, ഡിപ്രഷൻ (Depression), ഓട്ടിസം (Autism), മയക്കുമരുന്നുപയോഗം കൊണ്ടുണ്ടാകുന്ന അവസ്ഥകൾ, അൽഷിമേഴ്‌സ് രോഗം (Alzheimer’s Disease) എന്നിവയ്ക്ക് വരെ മ്യൂസിക് തെറാപ്പി വ്യാപകമായി ലോകത്തെമ്പാടും ഉപയോഗിച്ച് വരുന്നു.

ബിസി-നാന്നൂറാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഗന്ധർവ തത്വം എന്ന സംഗീത ശാസ്ത്രത്തിൽ, രാഗങ്ങൾക്കും താളങ്ങൾക്കും ശരീരത്തെ സ്വാധീനിക്കാനുള്ള കഴിവിനെ കുറിച്ച് പ്രദിപാദിക്കുന്നുണ്ട്. പുരാതന ഭാരതത്തിൽ രാഗ ചികിത്സ അഥവാ സംഗീത ചികിത്സ നടത്തിയിരുന്നതായി നിരവധി ലേഖനങ്ങൾ പ്രകീർത്തിക്കുന്നു. അമേരിക്കൻ സൈനികരുടെ യുദ്ധാനന്തര പുനരധിവാസത്തിനായി 1945 ലാണ്  സംഗീതം പ്രായോഗിക തലത്തിൽ ഒരു ചികിത്സ സമ്പ്രദായം എന്ന രീതിയിൽ ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയത്. സൈനിക ആശുപത്രിയിൽ യുദ്ധമേല്പിച്ച മുറിവുകളും മാനസിക അസ്വാസ്ഥ്യങ്ങളുമായി കഴിയുന്ന സൈനികർക്കു ശാരീരികമായ മുറിവുകൾ ചികിത്സിക്കുന്ന കൂട്ടത്തിൽ മനസികാരോഗ്യത്തിനും, പുനരധിവാസത്തിനും സഹായകമായ സംഗീതം തെറാപ്പി ആയി നൽകുകയായിരുന്നു.

വെറുതെ പാട്ട് കേൾക്കുന്നത് മാത്രമാണ് മ്യൂസിക് തെറാപ്പി എന്നുള്ള തെറ്റിദ്ധാരണ വേണ്ട. അതേസമയം സംഗീതം അറിയില്ല എന്നത് കൊണ്ട് ആരും മ്യൂസിക് തെറാപ്പിയ്ക്കു അയോഗ്യരാവുന്നുമില്ല. പരിശീലനം നേടിയ ഒരു മ്യൂസിക് തെറാപ്പിസ്റ്റ് (Music Therapist), തൻ്റെ പരിചരണയിലുള്ള രോഗിക്ക് സംഗീതം കൊണ്ടൊരു പുതിയ ലോകം സൃഷ്ടിക്കുകയാണ് ചെയ്യുക.

രോഗിയോടൊപ്പം ഒറ്റയ്ക്കോ അതോ സമാനചിത്തരായ ഒരു സംഘം രോഗികളുമായോ ഒന്നിച്ചിരുന്നു പാട്ട് പാടുകയോ, കേട്ട് ആസ്വദിക്കുകയോ, പുതിയ പാട്ട് എഴുതി ഉണ്ടാക്കുകയോ, വരികൾക്ക് സംഗീതം നൽകുകയോ ഒക്കെ ആവും ചെയ്യുക. ചിലപ്പോൾ സംഗീതത്തിന്റെ താളത്തിനൊത്തു കൂട്ടം ചേർന്നൊരു നൃത്തമോ, താൽപര്യമുള്ളവരെ കൊണ്ട് നൃത്തം ചെയ്യിക്കുകയോ ആവും. പാട്ടിന്റെ വരികൾ വായിച്ചു അർഥം തിരഞ്ഞു ആസ്വദിക്കലാവാം, പിയാനോ, വയലിൻ, ഗിറ്റാർ, ഡ്രംസ്  പോലുള്ള വാദ്യോപകരണങ്ങൾ വായിക്കലോ ആസ്വദിക്കാലോ ആവാം. ഓരോ രോഗിക്കും അനുയോജ്യമായ തെറാപ്പി രീതി കണ്ടെത്തി നടപ്പാക്കുന്നതിനുള്ള ക്ഷമയും നിതാന്തമായ പരിശ്രമവും അതിനൊത്ത തുടർനടപടികളുമാണ് ഒരു മ്യൂസിക് തെറാപ്പിസ്റ്റ്ന്റെ വിജയം ഉറപ്പാക്കുന്നത്.

 

 

 

 

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*