പുകവലി; ആരോഗ്യ പ്രത്യാഘാതങ്ങൾ മനസിലാക്കാം

പുകവലി ആരോഗ്യത്തിന് ഏറെ അപകടകരമാണെന്ന് എല്ലാവർക്കും പണ്ട് മുതലേ അറിയാം. ഇപ്പോഴും ആയിരക്കണക്കിന് ആളുകള്‍ ഓരോ ദിവസവും പുകവലി ആരംഭിക്കുന്നു. ചിലര്‍ കൗതുകത്തോടെയും മറ്റു ചിലര്‍ മറ്റേതെങ്കിലും കാരണത്താലും തുടങ്ങുന്നു. 

ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളെയും പുകവലി നേരിട്ടും അല്ലാതെയും ബാധിക്കുന്നു. ചുമയില്‍ ആരംഭിച്ച് തൊണ്ടയിലെ അസ്വസ്ഥതയ്‌ക്കൊപ്പം  വായ് നാറ്റത്തിനും വസ്ത്രങ്ങളിലെ ദുര്‍ഗന്ധത്തിനും ഇത് കാരണമാകുന്നു. ഇത് ചര്‍മ്മം പൊട്ടുന്നതിനും പല്ലിന്റെ നിറവ്യത്യാസത്തിനും കാരണമാകുന്നു. കാലക്രമേണ, ഹൃദ്രോഗം, ബ്രോങ്കൈറ്റിസ്, ന്യുമോണിയ, സ്‌ട്രോക്ക്, പല തരത്തിലുള്ള അര്‍ബുദങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ ഗുരുതരമായ അവസ്ഥകള്‍ വന്നേക്കാം. അവയില്‍ വായിലെ അര്‍ബുദം വളരെ സാധാരണമാണ്. പുകവലിക്കുന്നവരെപ്പോലെ പുകവലിക്കാര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കും രോഗബാധയ്ക്കുള്ള സാധ്യതയുണ്ട്.

 

പുകവലിക്കുന്നവരില്‍ നടത്തിയ പഠനത്തില്‍ മിക്കയാളുകള്‍ക്കും കാഴ്ച മങ്ങിയതായി കണ്ടെത്തി. വായിക്കുവാനും ഡ്രൈവിംഗ് അടക്കമുള്ള ദൈനംദിന ജോലികള്‍ ചെയ്യാനും ഇവര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ബ്ലൈന്‍ഡ്നെസ്, ന്യൂകാസില്‍ യൂണിവേഴ്സിറ്റി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ.

അതോടൊപ്പം, പുകയില ഉപയോഗം തിമിരത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. തിമിരം ബാധിച്ചുകഴിഞ്ഞാല്‍ ഒരേയൊരു മാര്‍ഗം ശസ്ത്രക്രിയയാണെന്നും ആരോഗ്യവിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. കൂടാതെ, പുകയിലയുടെ ഉപയോഗം കണ്ണുകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും റെറ്റിനയുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തുകയും നേത്ര കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

രണ്ടാം ഗ്ലോബല്‍ അഡള്‍ട്ട് ടുബാക്കോ സര്‍വേ പ്രകാരം കേരളത്തിലെ മൊത്തം പുകവലിയുടെ ഉപയോഗം 12.7 ശതമാനമാണ്. ഒന്നാം സര്‍വേയില്‍ 21.4 ശതമാനം ഉണ്ടായിരുന്ന പുകയിലയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞുവെങ്കിലും 15 മുതല്‍ 17 വയസുള്ളവരില്‍ ഇതിന്റെ ഉപയോഗം നേരിയ തോതില്‍ വര്‍ധിച്ചത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. മാത്രവുമല്ല പൊതുസ്ഥലങ്ങളിലും ഗാര്‍ഹികവുമായുള്ള പുകയിലയുടെ ഉപയോഗം 13.7 ശതമാനത്തോളം നിഷ്‌ക്രിയ പുകവലിക്ക് കാരണമാക്കുന്നു എന്നത് പുകവലിക്കാത്തവരെയും ഇത് ആരോഗ്യപരമായി ബാധിക്കുന്നു എന്നതിന്റെ തെളിവാണ്.

സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള ദിശയുടെ ടോള്‍ ഫ്രീ നമ്പറുകളായ 1056, 104 എന്നിവ പുകവലി നിര്‍ത്തുന്നവര്‍ക്കുള്ള ക്വിറ്റ് ലൈനായി കൂടി പ്രവര്‍ത്തിക്കുന്നു. പുകയില ഉപയോഗം നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഈ നമ്പറുകളില്‍ വിളിച്ച് ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്, സൈക്ക്യാട്രിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാക്കാം. കൂടാതെ സി.ഒ.പി.ഡി രോഗത്തിന്റെ പ്രതിരോധത്തിനും, നിയന്ത്രണത്തിനും ചികിത്സക്കും വേണ്ടിയുള്ള ശ്വാസ് ക്ലിനിക്കുകള്‍, ജീവിതശൈലീരോഗ നിയന്ത്രണ ക്ലിനിക്കുകള്‍, മാനസികാരോഗ്യ ക്ലിനിക്കുകള്‍ എന്നിവ വഴിയും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രാഥമികതലം മുതല്‍ പുകവലിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള ചികിത്സയും കൗണ്‍സിലിംഗും ലഭ്യമാണ്.

ഓരോ തവണയും നിങ്ങള്‍ ഒരു സിഗരറ്റ് കത്തിക്കുമ്പോള്‍, നിങ്ങളുടെ ആയുസ്സിന്റെ ഒരു പങ്കു എരിഞ്ഞുതീരുകയാണെന്ന തിരിച്ചറിവ് ഉണ്ടാകണം. പുകവലി ഒഴിവാക്കാം, നല്ല ശീലങ്ങളെ കൂട്ടുപിടിക്കാം.

 

Be the first to comment

Leave a Reply

Your email address will not be published.


*