ആരോഗ്യ ഇന്‍ഷുറന്‍സ്: 60 കഴിഞ്ഞവര്‍ക്ക് ആശ്വസിക്കാം, ‘പ്രീമിയം 10 ശതമാനത്തിലേറെ കൂട്ടരുത്’

ന്യൂഡല്‍ഹി: 60 വയസു കഴിഞ്ഞവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിലെ വാര്‍ഷിക വര്‍ധന 10 ശതമാനം കവിയരുതെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവിട്ടു. ഇന്നലെ തന്നെ ഇത് പ്രാബല്യത്തിലായി. ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ കുത്തനെയുള്ള വര്‍ധനയ്ക്കു കൂച്ചുവിലങ്ങിട്ടത് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഏറെ ആശ്വാസമാണ്.

പ്രീമിയം പത്ത് ശതമാനത്തിലേറെ കൂട്ടണമെങ്കില്‍ കമ്പനികള്‍ ഇനി ഐആര്‍ഡിഎഐയുടെ മുന്‍കൂര്‍ അനുമതി തേടണം. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ പിന്‍വലിക്കുന്നതിനും ഐആര്‍ഡിഎഐയുടെ അനുമതി വേണം.

60 കഴിഞ്ഞവരുടെ പ്രീമിയത്തില്‍ വന്‍ വര്‍ധനയുണ്ടാകുന്നതായി ഐആര്‍ഡിഎഐ നിരീക്ഷിച്ചു. ക്ലെയിം തുക അനുസരിച്ചാണ് പ്രീമിയം. പ്രായമായവരുടെ ക്ലെയിം തുക ഉയരാനുള്ള പ്രധാന കാരണം ആശുപത്രികള്‍ ഈടാക്കുന്ന ഉയര്‍ന്ന ചികിത്സാച്ചെലവാണ്.

പ്രീമിയം വര്‍ധന ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പരിമിത വരുമാനമുള്ള മുതിര്‍ന്ന പൗരന്‍മാരെ ആയതിനാലാണ് 1999ലെ ഐആര്‍ഡിഎഐ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഉത്തരവിറക്കിയിരിക്കുന്നത്. അതേസമയം ഇതുമൂലമുള്ള വരുമാന നഷ്ടം നികത്താന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മറ്റു പ്രായക്കാരുടെ പ്രീമിയം തുക ആനുപാതികമായി വര്‍ധിപ്പിച്ചേക്കാം.

 

Be the first to comment

Leave a Reply

Your email address will not be published.


*