സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിക്കെതിരായി പ്രചരിക്കുന്ന വാർത്തകള്‍ക്ക് മറുപടിയുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. വ്യാജ വാര്‍ത്തകള്‍ നല്‍കി ദുര്‍ബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകള്‍ നിര്‍ത്താമെന്ന് ആരും കരുതേണ്ടെന്ന് മന്ത്രി പറഞ്ഞു. ഒരു ദുഷ്ട മനസ്സിനെയും അതിന് അനുവദിക്കില്ല. പിഞ്ച് കുഞ്ഞുങ്ങളുടെ ജീവന്‍ വെച്ച് വ്യാജ വാര്‍ത്ത നല്‍കിയാല്‍ പേടിച്ചോടുമെന്നും കരുതേണ്ട- വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
ജനിച്ച് മണിക്കൂറുകള്‍ക്കോ ദിവസങ്ങള്‍ക്കോ അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളിലോ ശസ്ത്രക്രിയ നടത്തി പരിഹരിച്ചില്ലെങ്കില്‍ കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടു പോകുന്ന ഗുരുതര രോഗങ്ങളുമുണ്ട്. ശ്വാസതടസം മൂലം അമ്മയുടെ നെഞ്ചിലെ മുലപ്പാല്‍ പോലും നുകരാന്‍ കഴിയാതെ മരണത്തിലേക്ക് പോകുന്ന കുഞ്ഞുങ്ങളുമുണ്ട്. കൂടുതല്‍ ആര്‍ദ്രതയോടെ കരുത്തോടെ ആ കുരുന്നു ജീവനുകള്‍ സര്‍ക്കാര്‍ ചേര്‍ത്ത് പിടിക്കും. ആ കുരുന്നു നാളങ്ങള്‍ അണയാതെ കഴിയുന്നത്ര സംരക്ഷിക്കും- മന്ത്രി കണക്കുകള്‍ നിരത്തി വ്യക്തമാക്കി.
Be the first to comment