സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തല്‍ യൂണിറ്റ്: വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തൽ യൂണിറ്റ് ഉടൻ യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആർദ്രം മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിൽ ഒരു ദന്തൽ സർജൻ, ഒരു ദന്തൽ ഹൈജീനിസ്റ്റ്, ഒരു ദന്തൽ മെക്കാനിക്ക് എന്നീ തസ്തികകളോട് കൂടിയ ദന്തൽ യൂണിറ്റ് സജ്ജമാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ദന്തൽ യൂണിറ്റ് നിലവിലില്ലാത്ത 5 താലൂക്ക് ആശുപത്രികളിലാണ് പുതുതായി ദന്തൽ യൂണിറ്റ് തുടങ്ങുന്നതിനുള്ള ഭരണാനുമതി നൽകിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

കാസർഗോഡ് ബന്തെടുക്കാ താലൂക്ക് ആശുപത്രി, മംഗൾപ്പാടി താലൂക്ക് ആശുപത്രി, മലപ്പുറം കൊണ്ടോട്ടി താലൂക്ക് ആശുപത്രി, ഇടുക്കി കട്ടപ്പന താലൂക്ക് ആശുപത്രി, കൊല്ലം പത്തനാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ദന്തൽ യൂണിറ്റുകൾ ആരംഭിക്കുന്നത്. ദന്തൽ മേഖലയുടെ പുരോഗതിയ്ക്കായി ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നൽകുന്നത്. തെരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള ആശുപത്രികളിൽ ദന്തൽ ചികിത്സ ലഭ്യമാണ്. ദേശീയ റാങ്കിംഗിൽ ആദ്യമായി തിരുവനന്തപുരം ദന്തൽ കോളജ് ഇടംപിടിച്ചു. ദന്താരോഗ്യം ഉറപ്പ് വരുത്താനായി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുമായി ചേർന്ന് ദേശീയ ശ്രദ്ധയാകർഷിച്ച മന്ദഹാസം, പുഞ്ചിരി, വെളിച്ചം, ദീപ്തം എന്നീ പദ്ധതികളും നടപ്പിലാക്കി വരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*