സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് തുടരുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലത്ത് ശുദ്ധ ജലത്തിന്റെ ലഭ്യത കുറവായതിനാല്‍ ജലജന്യ രോഗങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വയറിളക്ക രോഗങ്ങള്‍ നിര്‍ജലീകരണത്തിനും തുടര്‍ന്നുള്ള സങ്കീര്‍ണ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.വയറിളക്ക രോഗങ്ങള്‍, മഞ്ഞപിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റീസ്-എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ അസുഖങ്ങള്‍ ഇത്തരത്തില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.
ഉയര്‍ന്ന ചൂട് കാരണം പെട്ടെന്ന് നിര്‍ജലീകരണമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും വെളളം കുടിക്കണം. എന്തെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ സങ്കീര്‍ണമാകാതെ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ചൂട് കാലമായതിനാല്‍ ഭക്ഷണം പെട്ടന്ന് കേടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പും ശക്തമായ നടപടി സ്വീകരിച്ചു വരുന്നു. രുചിയിലോ മണത്തിലോ സംശയമുള്ള ഭക്ഷണങ്ങള്‍ കഴിക്കരുത്. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറിയ വെള്ളം നല്ലത്.
പുറത്ത് പോകുമ്പോള്‍ കുടിക്കുവാനായി തിളപ്പിച്ചാറിയ വെള്ളം കരുതുന്നത് നല്ലത്. ഭക്ഷണപാനീയങ്ങള്‍ ഈച്ച കടക്കാതെ അടച്ചു സൂക്ഷിക്കുക. ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ശുദ്ധജലത്തില്‍ മാത്രം കഴുകുക. പാനീയങ്ങളില്‍ ശുദ്ധജലം ഉപയോഗിച്ച് തയ്യാറാക്കിയ ഐസ് മാത്രം ചേര്‍ക്കുക. കുടിവെള്ള സ്രോതസുകളില്‍ മലിന ജലം കലരുന്നത് തടയുക. കിണറുകളും കുടിവെള്ള സ്രോതസുകളും കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക. മലിനജലം കലര്‍ന്നിട്ടുണ്ടെങ്കില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുക.
വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനമാണ്. ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പും മലമൂത്ര വിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക. കുട്ടികള്‍ മണ്ണില്‍ കളിച്ചാല്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. മലമൂത്ര വിസര്‍ജ്ജനം കക്കൂസില്‍ മാത്രം നടത്തുക. ഈച്ചശല്യം ഒഴിവാക്കുക.
വീടിന്റെ പരിസരത്തും പൊതുസ്ഥലങ്ങളിലും മാലിന്യം കുന്നു കൂടാതെ ശ്രദ്ധിക്കുക. പൊതു ടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കൊതുകിന്റെ ഉറവിടമാകാതിരിക്കാന്‍ വീട്ടിനകത്തും പുറത്തും വെള്ളം കെട്ടി നിര്‍ത്തരുത്. വയറിളക്ക രോഗങ്ങള്‍ പകരാതിരിക്കാന്‍ പ്രത്യേകം കരുതല്‍ വേണം. രോഗി മലമൂത്ര വിസര്‍ജനം ശുചിമുറിയില്‍ മാത്രം ചെയ്യുക. മലമൂത്ര വിസര്‍ജനത്തിന് ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. രോഗി ഉപയോഗിച്ച ശുചിമുറി അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം മാത്രം മറ്റുള്ളവര്‍ ഉപയോഗിക്കുക.
രോഗി ഭക്ഷണം പാചകം ചെയ്യുകയോ ഭക്ഷണ പാനീയങ്ങള്‍ കൈകാര്യം ചെയ്യുകയോ പാടില്ല. കുഞ്ഞുങ്ങളുടെ വിസര്‍ജ്യം ശുചിമുറിയില്‍ മാത്രം കളയുക. കുഞ്ഞുങ്ങളെ മലവിസര്‍ജനത്തിന് ശേഷം ശുചിമുറിയില്‍ മാത്രം കഴുകിക്കുക. കഴുകിച്ച ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. ഉപയോഗശേഷം ഡയപ്പറുകള്‍ വലിച്ചെറിയാതെ ആഴത്തില്‍ കുഴിച്ചിടുക.
കുട്ടികള്‍ക്ക് വയറിളക്ക രോഗങ്ങളുണ്ടായാല്‍ വളരെ ശ്രദ്ധിക്കണം. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒ.ആര്‍.എസ്. എന്നിവ ഇടയ്ക്കിടയ്ക്ക് നല്‍കണം. വയറിളക്ക രോഗമുള്ളപ്പോള്‍ ഒ.ആര്‍.എസിനൊപ്പം ഡോക്ടറുടെ നിര്‍ദേശാനുസരണം സിങ്കും നല്‍കേണ്ടതാണ്. വയറിളക്കം കുറഞ്ഞില്ലെങ്കില്‍ എത്രയും വേഗം വൈദ്യ സഹായം തേടേണ്ടതാണ്.
Be the first to comment