ശൈത്യകാലമാണ് ഇനി വരാൻ പോകുന്നത്. സീസൺ അനുസരിച്ച് ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് വളരെ പ്രധാനമാണ്. കാലാവസ്ഥ മാറുമ്പോൾ ഭക്ഷണം, ധരിക്കുന്ന വസ്ത്രം, വ്യായാമം എന്നിവയിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പകർച്ച വ്യാധികൾ പടർന്ന് പിടിക്കാനുള്ള സാധ്യത കൂടുതലുള്ളതിനാൽ ശൈത്യകാലത്ത് പ്രതിരോധ ശേഷി നിലനിർത്തേണ്ടതും വളരെ അത്യാവശ്യമാണ്. കാലാവസ്ഥ മാറുമ്പോൾ ആരോഗ്യം നിലനിർത്താനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
സീസൺ മാറുമ്പോൾ ശരീരത്തിന് കൂടുതൽ പോഷകങ്ങൾ ആവശ്യമാണ്. അതിനാൽ ഭക്ഷണക്രമത്തിൽ പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്തുക. ദിവസേന വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കുന്നതും ആരോഗ്യം നിലനിർത്താൻ സഹായിക്കും. വിറ്റാമിൻ സി ധാരാളം അടങ്ങിയ ഓറഞ്ച്, നാരങ്ങ, മാങ്ങ ഉൾപ്പെടെയുള്ള പഴങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കാൻ ഗുണകരമാണ്. ഇത് ജലദോഷം, ചുമ എന്നിവയിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും.
വെള്ളം കുടിക്കാൻ മറക്കരുത്
ശൈത്യകാലത്ത് വെള്ളം കുടിക്കുന്നത് കുറയാറുണ്ട്. ഇത് ശരീരത്തിൽ ജലാംശം നഷ്‌ടപ്പെടാൻ കാരണമാകും. അതിനാൽ ദിവസവും 2 മുതൽ 3 ലിറ്റർ വെള്ളം കുടിക്കാൻ ശ്രമിക്കുക. ചൂടുവെള്ളമോ തിളപ്പിച്ചാറിയ വെള്ളമോ കുടിക്കുന്നതാണ് നല്ലത്. ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിൽ ചൂട് നിലനിർത്താനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കും. അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനും ഇത് ഗുണം ചെയ്യും.
നന്നായി ഉറങ്ങുക
ശൈത്യകാലത്ത് ശരീരത്തിന് മതിയായ വിശ്രം ആവശ്യമാണ്. അതിനാൽ നല്ല ഉറക്കം ഉറപ്പാക്കണം. ഇത് ശരീരത്തിന്‍റെ ആരോഗ്യം നിലനിർത്താൻ വളരെ പ്രധാനമാണ്. രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും ഉറക്കം വലിയ പങ്ക് വഹിക്കും. അതിനാൽ ഊർജ്ജത്തോടെ ഇരിക്കാനും ഉന്മേഷം നിലനിർത്താനും ദിവസവും കുറഞ്ഞത് 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങേണ്ടത് അത്യാവശ്യമാണ്.
ശരിയായ വസ്ത്രങ്ങൾ ധരിക്കുക
കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കേണ്ടത് പ്രധാനമാണ്. ശൈത്യകാലത്ത് തണുപ്പ് കൂടുതലായിരിക്കുന്നതിനാൽ ശരീരത്തിന് ചൂട് നൽകുന്ന വസ്ത്രങ്ങൾ ധരിക്കുക. ഇത് ശരിയായ താപനില നിലനിർത്താൻ സഹായിക്കും.
വ്യായാമം
തണുപ്പ് കാലത്ത് ശരീരം സജീവമായി നിലനിർത്തേണ്ടത് പ്രധാനമാണ്. അതിനാൽ പതിവായി വ്യായാമം, യോഗ എന്നിവയിൽ ഏർപ്പെടുക. നടത്തം പോലുള്ള ലഘുവ്യായാമങ്ങൾളെങ്കിലും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഇത് ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.
Be the first to comment