ക്രിക്കറ്റ് പരിശീലക സ്ഥാനത്തേക്ക് പ്രമുഖരുടെ പേരുകളില്‍ വ്യാജ അപേക്ഷകളുടെ കൂമ്പാരം

ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലക സ്ഥാനത്തേക്ക് വ്യാജ അപേക്ഷകളുടെ പെരുമഴ. വന്ന മൂവായിരം അപേക്ഷകളില്‍ ഭൂരിഭാഗവും വ്യാജനാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എംഎസ് ധോണി, ഹര്‍ഭജന്‍ സിങ്, വീരേന്ദര്‍ സെവാഗ്. ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ ക്രിക്കറ്റ് താരങ്ങളുടെ പേരിലെ വ്യാജ അപേക്ഷകളുടെ കൂമ്പാരമാണ്. ക്രിക്കറ്റ് താരങ്ങളുടെ പേരില്‍ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ പേരിലുമുണ്ട് വ്യാജ അപേക്ഷകള്‍.

 ഇങ്ങനെ മുന്‍കാലതാരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും പേരില്‍ കെട്ടുകണക്കിന് വ്യാജ അപേക്ഷകളാണ് ബിസിസിഐക്ക് കിട്ടിയത്. ബിസിസിഐയുടെ മണ്ടത്തരം തന്നെയാണ് ഈ മുട്ടന്‍ പണി കിട്ടാന്‍ കാരണം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പരിശീലകനെ ക്ഷണിച്ചുകൊണ്ടുള്ള ഗൂഗില്‍ അപേക്ഷ ഫോം സമൂഹമാധ്യമങ്ങളിലും ബിസിസിഐ പര്യസപ്പെടുത്തിയിരുന്നു. ഇതുകണ്ട് ആളുകള്‍ കൂട്ടത്തോടെ അപേക്ഷിച്ചു. വന്ന മൂവായിരം അപേക്ഷകളില്‍ ഭൂരിഭാഗവും വ്യാജന്മാരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

മുന്‍പും ബിസിസിഐക്ക് സമാനതരത്തില്‍ പണി കിട്ടിയിട്ടുണ്ട് 2022ല്‍ അപേക്ഷ ബിസിസിഐയുടെ മെയിലിലേക്ക് അയക്കാനായിരുന്നു നിര്‍ദ്ദേശം. ഇതുകണ്ട് ആരാധകരടക്കം അയ്യായിരത്തിലധികം പേരാണ് അന്ന് അപേക്ഷിച്ചത്. അത് ആവര്‍ത്തിക്കാതിരിക്കാനാണ് ഇത്തവണ ഗൂഗിള്‍ ഫോം ആക്കിയത്. എന്നാല്‍ ഇത്തവണയും വ്യാജ അപേക്ഷകരെ തടയാനായില്ല.

Be the first to comment

Leave a Reply

Your email address will not be published.


*