സ്‌ത്രീകളിലെ ഹൃദ്രോഗം തുടക്കത്തില്‍ തിരിച്ചറിയാം; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ന്യൂഡല്‍ഹി : ശരീരത്തിലെ രണ്ട് തരം കൊഴുപ്പുകളുടെ അളവ് സ്‌ത്രീകളിലെ ഹൃദ്രോഗ സാധ്യതകള്‍ നേരത്തെ തിരിച്ചറിയാന്‍ സഹായിക്കുമെന്ന് വിദഗ്‌ധര്‍. അമേരിക്കയിലെ 28,000 പേരില്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകള്‍.

രക്തത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ആയ എല്‍ഡിഎല്‍, ലിപ്പോ പ്രോട്ടീന്‍(എ) എന്നിവ പരിശോധിച്ച് ഹൃദ്രോഗ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്താനാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എല്‍ഡിഎല്ലില്‍ നിന്ന് ഉണ്ടാകുന്ന പദാര്‍ഥമാണ് ലിപ്പോ പ്രോട്ടീന്‍(എ). ഹൃദ്രോഗ പ്രശ്‌നങ്ങളുണ്ടാക്കുന്ന മുഖ്യകാരണങ്ങളിലൊന്നാണ് എല്‍ഡിഎല്ലില്‍ നിന്നുണ്ടാകുന്ന ലിപ്പോ പ്രോട്ടീന്‍(എ) എന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിന് പുറമെ രക്തത്തിലെ ഉയര്‍ന്ന സംവേദനക്ഷമതയുള്ള സി റിയാക്‌ടീവ് പ്രോട്ടീന്‍റെ (എച്ച്എസ് -സിആര്‍പി) തോത് പരിശോധിച്ചും ഹൃദ്രോഗ സാധ്യതകള്‍ തിരിച്ചറിയാം. സ്‌ത്രീകളുടെ രക്ത സാമ്പിളുകളില്‍ എല്‍ഡിഎല്‍, ലിപ്പോ പ്രോട്ടീന്‍, സി റിയാക്‌ടീവ് പ്രോട്ടീന്‍ എന്നിവ 2.6 മടങ്ങ് അധികമുണ്ടായാല്‍ ഹൃദയാഘാതമടക്കമുള്ള വിവിധ ഹൃദ്രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്‌ധര്‍ വിശദീകരിക്കുന്നു. ഈ മൂന്ന് ഘടകങ്ങളുടെയും സാന്നിധ്യം 3.7 മടങ്ങ് അധികമായുള്ള സ്‌ത്രീകളില്‍ അടുത്ത മുപ്പത് വര്‍ഷത്തിനിടെ പക്ഷാഘാതത്തിനും സാധ്യതയുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ഹൃദ്രോഗങ്ങള്‍ നേരത്തെ കണ്ടെത്താന്‍ ഈ കണ്ടെത്തലുകള്‍ സഹായകമാകുമെന്നാണ് ശാസ്‌ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. സ്‌ത്രീകളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയതെങ്കിലും പുരുഷന്‍മാരിലും സമാനസാഹചര്യങ്ങള്‍ ഉണ്ടാകാമെന്നും ഗവേഷകര്‍ പറയുന്നു. 2024 യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി കോണ്‍ഗ്രസില്‍ പഠനം അവതരിപ്പിക്കുകയും  പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ട്.

പൂര്‍ണ ആരോഗ്യവതികളായ 28000 അമേരിക്കന്‍ വനിതകളില്‍ ഈ മൂന്ന് ജൈവഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഈ പഠനം നേരത്തെ ഹൃദ്രോഗ-പക്ഷാഘാത സാധ്യതകള്‍ തിരിച്ചറിയാനും ഇത് തടയാനുള്ള പുതിയ സമീപനങ്ങള്‍ വികസിപ്പിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

Be the first to comment

Leave a Reply

Your email address will not be published.


*