കോട്ടയം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ഹൃദയമാറ്റ ശസ്ത്രക്രിയ വീണ്ടും വിജയം

കോട്ടയം: കോട്ടയം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ഹൃദയമാറ്റ ശസ്ത്രക്രിയ വീണ്ടും വിജയകരമായി പൂർത്തിയാക്കി. ചങ്ങനാശ്ശേരി പായിപ്പാട് മുട്ടത്തേട് സ്വദേശി എം ആർ രാജേഷാണ് (35) ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായത്. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ  മസ്തിഷ്ക മരണം സംഭവിച്ച മഹാരാഷ്ട്ര സ്വദേശിനി ശ്യാമള രാമകൃഷ്ണന്റെ (52) ഹൃദയമാണ്  രാജേഷിന് ഹൃദയമാണ് രാജേഷിന് തുന്നി ചേർത്തത്‌.

നാല് വർഷം മുമ്പാണ് മേസ്തിരിപ്പണിക്കാരനായ രാജേഷിന് ഹൃദയ ധമനികളിലെ വാൽവുകൾക്കു പ്രവർത്തനശേഷി കുറയുന്ന അവസ്ഥയിലായത്. പിന്നീട് കോട്ടയം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് മൃതസഞ്ജീവിനിയിൽ പേര് രജിസ്റ്റർ ചെയ്ത് ശസ്ത്രക്രിയക്കായി കാത്തിരിക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവിയും ആശുപത്രി സൂപ്രണ്ടുമായ ഡോ. ടി കെ ജയകുമാറിൻ്റെ നേതൃത്വത്തിലാണ് ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്.  ഡോ. എൻ സി രതീഷ് , ഡോ. പ്രവീൺ , ഡോ. വിനീത, ഡോ. ശിവപ്രഭ ,ഡോ. യഥുകൃഷ്ണൻ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. തോമസ്, ഡോ. മഞ്ജുഷ, ഡോ. സഞ്ജീവ് തമ്പി, നഴ്സുമാരായ ടിറ്റോ, മനു, ലിനു, അനസ്തേഷ്യ വിഭാഗത്തിലെ ടെക്നീഷ്യന്മാരായ അശ്വതി, പ്രസീദ, രാഹുൽ, പെർഫ്യൂഷിനിസ്റ്റ്മാരായ രാജേഷ്, അശ്വതി, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

ഇന്ത്യയിൽ തന്നെ ആദ്യമായി സർക്കാർ ആശുപത്രിയിൽ ഹൃദയമാറ്റശസ്ത്രക്രിയ നടത്തിയതും കോട്ടയം മെഡിക്കൽ കോളേജിൽ ഡോ. ടി കെ ജയകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാറിനേയും മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ചു. ഒപ്പം അവയവം ദാനം നല്‍കിയ ശ്യാമള രാമകൃഷ്ണന്റെ ബന്ധുക്കള്‍ക്ക് മന്ത്രി നന്ദിയുമറിയിച്ചു. ശ്യാമള രാമകൃഷ്ണന്‍ 6 പേര്‍ക്കാണ് പുതുജീവന്‍ നല്‍കുന്നത്. ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*