
തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കും. 12 വയസുകാരിക്കാണ് ഹൃദയം മാറ്റിവെയ്ക്കുന്നത്. മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിനിയുടെ ഹൃദയമാണ് 12കാരിയില്‍ തുന്നിച്ചേര്‍ക്കാന്‍ പോകുന്നത്.
ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായുള്ള സജ്ജീകരണങ്ങള്‍ നേരത്തെ തന്നെ ശ്രീചിത്രയില്‍ ഒരുക്കിയിരുന്നു. ലൈസന്‍സ് അടക്കമുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായത് കഴിഞ്ഞമാസമാണ്. ഇതിന് പിന്നാലെയാണ് ആദ്യ ശസ്ത്രക്രിയ നടക്കുന്നത്. 12 വയസുള്ള തിരുവനന്തപുരം സ്വദേശിയായ അനുഷ്ക എന്ന പെണ്‍കുട്ടിക്കാണ് ഹൃദയം മാറ്റിവെയ്ക്കുന്നത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഡാനി എന്ന അധ്യാപികയുടെ ഹൃദയമാണ് പെണ്‍കുട്ടിയില്‍ തുന്നിപിടിപ്പിക്കുന്നത്.
ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലാണ് ഇവര്‍ ചികിത്സ തേടിയത്. ഇന്നലെ വൈകീട്ടോടെയാണ് ഇവര്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചത്. തുടര്‍ന്ന് അവയവദാനത്തിന് അധ്യാപികയുടെ ബന്ധുക്കള്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ഹൃദയം ഉള്‍പ്പെടെ അഞ്ചു അവയവങ്ങളാണ് പലര്‍ക്കുമായി ദാനം ചെയ്യുന്നത്.
അല്‍പ്പസമയം മുന്‍പാണ് കിംസ് ആശുപത്രിയില്‍ നിന്ന് ഹൃദയവുമായുള്ള ആംബുലന്‍സ് ശ്രീചിത്രയിലേക്ക് പുറപ്പെട്ടത്. പോലീസ് എസ്കോര്‍ട്ടോടെ മൂന്ന് മിനിറ്റിനകം ആംബുലന്‍സില്‍ കൊണ്ടുപോയ ഹൃദയം ശ്രീചിത്രയില്‍ എത്തിക്കാന്‍ കഴിഞ്ഞു. കാര്‍ഡിയോ മയോപ്പതി എന്ന രോഗം ബാധിച്ച കുട്ടിയാണ് അനുഷ്ക. രക്തം പമ്പ് ചെയ്യുന്നതിന് അടക്കമുള്ള പ്രയാസമാണ് കാര്‍ഡിയോ മയോപ്പതി.
Be the first to comment