ബാങ്കോക്ക്: ജയിലില്‍ കഴിയുന്ന ജനകീയ നേതാവ് ആങ് സാന്‍ സൂചിയെ ഉഷ്ണതരംഗത്തെത്തുടര്‍ന്നു വീട്ടുതടങ്കലിലേയ്ക്ക് മാറ്റിയതായി മ്യാന്‍മര്‍ സൈനിക സര്‍ക്കാര്‍. കഠിനമായ ചൂടിനെ അതിജീവിക്കാന്‍ കഴിയാത്തതിനാല്‍ പ്രായമായവരെയും അവശരായവരേയും ജയിലില്‍ നിന്ന് മാറ്റിയിട്ടുണ്ട്. സൂചിക്കൊപ്പം 72 കാരനായ മുന്‍ പ്രസിഡന്റ് വിന്‍മൈന്റിനേയും മാറ്റിയിട്ടുണ്ട്.
ജനറല്‍ സോ മിന്‍ ടുണ്‍ ചൊവ്വാഴ്ച വിദേശ മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതിയുള്‍പ്പെടെ വിവിധ ക്രിമിനല്‍ കുറ്റങ്ങളുടെ പേരില്‍ തലസ്ഥാനമായ നയ്പിറ്റാവില്‍ 27 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയാണ് 78 കാരിയായ സൂചി. മ്യാന്‍മറിലെ ബാഗോ മേഖലയിലെ തൗങ്കൂവില്‍ എട്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു വിന്‍ മൈന്റ്.
2021 ഫെബ്രുവരി ഒന്നിന് പുതിയ പാര്‍ലമെന്റ് ആദ്യ സമ്മേളനം ചേരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സൈനിക അട്ടിമറി ഉണ്ടായത്. സൂചിയെയും കൂട്ടരേയും തടങ്കലിലാക്കി ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചെടുത്ത് ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. ഏപ്രില്‍ മാസത്തില്‍ ആന്‍ സാന്‍ സൂചിക്കെതിരെ സൈന്യം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നത് ഉള്‍പ്പെടെ നിരവധി കേസുകള്‍ സൂചിക്കെതിരെ ചുമത്തി.
Be the first to comment