വീണ്ടും കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് താഴ്ന്നു; പിടിച്ചുനിന്ന് ഫാര്‍മ സ്‌റ്റോക്ക്, രൂപ 85ലേക്ക്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിലെ കനത്ത ഇടിവ് തുടരുന്നു. ഇന്ന് വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് ആണ് ഇടിഞ്ഞത്. സെന്‍സെക്‌സ് 80,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി.

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണവായ്പ നയ പ്രഖ്യാപനം ഇന്നാണ്. ഇതടക്കമുള്ള ഘടകങ്ങളാണ് ഓഹരി വിപണിയെ സ്വാധീനിക്കുന്നത്. വീണ്ടും 25 ബേസിക് പോയിന്റിന്റെ കുറവ് വരുത്താന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് തയ്യാറാകുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ കരുതലോടെയാണ് ഇടപെടുന്നത്. ഫാര്‍മ ഒഴികെയുള്ള എല്ലാ സെക്ടറുകളും ഇന്ന് നഷ്ടത്തിലാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. സിപ്ല, വിപ്രോ, സണ്‍ഫാര്‍മ, ഡോ റെഡ്ഡീസ് ലാബ് എന്നിവയാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്ന ഓഹരികള്‍. ഇന്നലെ സെന്‍സെക്‌സ് 1100 പോയിന്റ് ആണ് ഇടിഞ്ഞത്.

അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുകയാണ്. ഇന്ന് വിനിമയത്തിനിടെ നാലുപൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. 84.94 എന്ന സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ. ഇന്നലെ 84.90 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. 85 എന്ന നിലയിലേക്ക് നീങ്ങാന്‍ ഇനി ആറു പൈസയുടെ ഇടിവ് മതി. റിസര്‍വ് ബാങ്ക് സമയോചിതമായ ഇടപെടല്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് വിപണി. വ്യാപാര കമ്മി കൂടിയത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*