കനത്ത മഴ; ഇടുക്കിയില്‍ ഇന്നും രാത്രി യാത്രാ നിരോധനം

ഇടുക്കി: ജില്ലയില്‍ ഇന്നും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നും രാത്രി യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വരുന്ന മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയെത്തുടര്‍ന്ന് ഇന്നലെയും ഇടുക്കിയില്‍ രാത്രി യാത്ര നിരോധിച്ചിരുന്നു.

കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട ജില്ലകളിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടര്‍മാര്‍ ഉത്തരവിട്ടിട്ടുണ്ട്. കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും ജൂണ്‍ 30 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ വി വിഗ്നേശ്വരി ഉത്തരവിട്ടിട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ 2024 ജൂണ്‍ 26 മുതല്‍ ജൂണ്‍ 30 വരെ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി 7.00 മുതല്‍ രാവിലെ 6.00 വരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ് ,ട്രക്കിംഗ് എന്നിവയും എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും, മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മ്മിക്കുക, നിര്‍മ്മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ചിരിക്കുന്നതായി ജില്ല കലക്ടര്‍ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*