കനത്ത മഴയിലും ഇടിമിന്നലിലും വിറങ്ങലിച്ച് യുഎഇ; വിമാനങ്ങള്‍ റദ്ദാക്കി, ഇന്‌റര്‍സിറ്റി ബസ് സര്‍വീസ് നിര്‍ത്തിവച്ചു

അബുദാബിയിലും ദുബായിലും ഇടിമിന്നലോടു കൂടിയ കനത്തമഴ. പുലര്‍ച്ചെ ഒന്നരയോടെ ആരംഭിച്ച മഴ ഇന്ന് മുഴുവന്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങളും കുറച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ വിദൂര വിദ്യാഭ്യാസവും ഓഫിസുകളില്‍ വര്‍ക് ഫ്രം ഹോം സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് പാര്‍ക്കുകളും ബീച്ചുകളും അടച്ചിരിക്കുകയാണ്. എയര്‍പോര്‍ട്ടുകളും എയര്‍ലൈനുകളും കനത്ത മഴയുടെ ആഘാതം നേരിടുന്നുണ്ട്. ഇന്‌റര്‍സിറ്റി ബസുകളുടെ സര്‍വീസ് ദുബായ് ആര്‍ടിഎ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.

രാവിലെ അഞ്ച് മണിയോടെ മഴയ്ക്ക് അല്‍പം ശമനമുണ്ടായെങ്കിലും എട്ട് മണിയോടെ വീണ്ടും തകര്‍ത്തു പെയ്യുകയായിരുന്നു. വടക്കന്‍ എമിറേറ്റുകളില്‍ രാവിലെ കൂടുതല്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. അപകടകരമായ കാലാവസ്ഥയില്‍ വ്യാഴാഴ്ച രാത്രി എട്ട് മണിവരെ രാജ്യത്തിന്‌റെ ഭൂരിഭാഗം പ്രദേശങ്ങളിലും നാഷണല്‍ സെന്‌റര്‍ ഓഫ് മെറ്റീരിയോളജി ഓറഞ്ച് അലെര്‍ട്ട് പുറപ്പെടുവിച്ചു.

യാത്ര ചെയ്യുന്നവരോട് റോഡുകളില്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബിയിലെയും ദുബായിലെയും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി അബുദാബി അല്‍ ഐന്‍ റോഡില്‍ ഉള്‍പ്പെടെ ചില സ്ഥലങ്ങളില്‍ വേഗപരിധി 100 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

രണ്ട് എമിറേററുകളിലും വിന്‍ഡി വെതര്‍ ആപ്പ് കൂടുതല്‍ മഴ പ്രവചിക്കുന്നുണ്ട്. വൈകിട്ട് ഏഴ് മണിയോടെ ഈര്‍പ്പനില കുറയുമെന്നാണ് പ്രതീക്ഷ.

Be the first to comment

Leave a Reply

Your email address will not be published.


*