വ്യാപകമഴയിൽ കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം; 48 കോടിയെന്ന് പ്രാഥമിക കണക്ക്

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഉണ്ടായ തീവ്രമഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം. പ്രാഥമിക കണക്കുകൾ‍ പ്രകാരം ഏകദേശം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങൾ‍ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. 895 എച്ച്ടി പോസ്റ്റുകളും 6230 എൽടി പോസ്റ്റുകളും തകർന്നു. 

മരങ്ങളും മരച്ചില്ലകളും വീണതിനെത്തുടർന്ന് 6230 ഇടങ്ങളിൽ എൽടി ലൈനുകളും 895 ഇടങ്ങളിൽ‍ എച്ച്ടി ലൈനുകളും പൊട്ടിവീണു. 185 ട്രാൻ‍സ്ഫോർ‍മറുകൾക്ക്‍ കേടുപാടുകൾ‍ സംഭവിച്ചു. കഠിനമായ പ്രതികൂല കാലാവസ്ഥയിലും കെഎസ്ഇബി ജീവനക്കാർ സത്വരമായി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചെന്ന് അധികൃതർ വ്യക്തമാക്കി. 

ഒറ്റപ്പെട്ട ചില സ്ഥലങ്ങളിലൊഴികെ സമയബന്ധിതമായിത്തന്നെ വൈദ്യുതി നൽകാൻ സാധിച്ചിരുന്നു. ഭൂരിഭാഗം പരാതികളും ഇതിനകം പരിഹരിച്ചു കഴിഞ്ഞു. സാധാരണ ഗതിയിൽ ഏതെങ്കിലും തരത്തിൽ വൈദ്യുതി തകരാർ സംഭവിക്കുമ്പോൾ ഒരു പ്രദേശത്താകെ വൈദ്യുതി വിതരണം നിർ‍വ്വഹിക്കുന്ന 11 കെവി  ലൈനുകളുടെയും ട്രാൻ‍സ്ഫോർ‍മറുകളുടെയും തകരാറുകൾ‍ പരിഹരിക്കുന്നതിനായിരിക്കും ആദ്യ മുൻ‍ഗണന. തുടർ‍ന്ന് എൽടി ലൈനുകളിലെ തകരാറുകൾ പരിഹരിക്കും. അതിനുശേഷം മാത്രമാണ് വ്യക്തിഗത പരാതികൾ പരിഹരിക്കുക. ഇത് മനസ്സിലാക്കി മാന്യ ഉപഭോക്താക്കൾ‍ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*