ഉത്തരേന്ത്യയിൽ കനത്ത മഴ; ഇതുവരെ 22 മരണം

ഉത്തരേന്ത്യയിലാകെ തകർത്തുപെയ്യുന്ന കാലവർഷത്തിൽ കനത്ത നാശനഷ്ടം. ദില്ലിയിലും പഞ്ചാബിലും ഹിമാചൽ പ്രദേശിലുമെല്ലാം വെള്ളക്കെട്ടും പ്രളയസമാന സാഹചര്യവും നിലനിൽക്കുകയാണ്. 

ഹിമാചൽ പ്രദേശിൽ പെയ്യുന്ന കനത്ത മഴയിൽ ഇതുവരെ 6 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഷിംലയിലെ മധോലി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേരാണ് മരിച്ചത്. കുളുവിലും ചാമ്പയിലുമുണ്ടായ മണ്ണിടിച്ചിലുകളിലും മരണം റിപ്പോർട്ട് ചെയ്തു. ഹിമാചലിൽ കാലവർഷം തുടങ്ങിയ ജൂൺ 24 മുതൽ ഇന്നേവരേയ്ക്കും 24 മിന്നൽപ്രളയങ്ങളും വൻ ഉരുൾപൊട്ടലുകളും റിപ്പോർട്ട് ചെയ്തു.

പഞ്ചാബ് ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പെയ്യുന്ന കനത്ത മഴയിൽ യമുനാനദിയും സത്‌ലജ് നദിയുമെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്.  203.62മീറ്ററിന് മുകളിൽ ജലനിരപ്പ് ഉയർന്നതോടെ ദില്ലി സർക്കാർ പ്രളയ മുന്നറിയിപ്പു നൽകി.  40 വർഷത്തിനിടെ ഡൽഹിയിൽ പെയ്യുന്ന റെക്കോർഡ് മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. ഡൽഹിയിൽ 1982ന് ശേഷം ജൂലൈ മാസത്തിലെ ഒരു ദിവസം പെയ്ത ഏറ്റവും ഉയർന്ന മഴയാണിതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 153 മില്ലിമീറ്റർ മഴയാണ് ഈ ദിവസം രേഖപ്പെടുത്തിയത്. ഉത്തർപ്രദേശിലും പ്രളയസമാന സാഹചര്യമാണ് നിലവിലുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*