കനത്ത മഴയിലും തിരക്ക് ഒഴിയാതെ ശബരിമല, ഇന്നലെ ദർശനം നടത്തിയത് 69850 പേർ

കനത്ത മഴയിലും തിരക്ക് ഒഴിയാതെ ശബരിമല സന്നിധാനം. 69850 ഭക്തരാണ് ഇന്നലെ ദർശനം നടത്തിയത്. മഴ തുടരുന്ന സാഹചര്യത്തിൽ തീർത്ഥാടകാർക്ക് ജില്ലാ ഭരണകൂടത്തിന്‍റെ ജാഗ്രതാ നിർദേശമുണ്ട്. തീര്‍ഥാടകരും പൊതുജനങ്ങളും പമ്പ ത്രിവേണി ഒഴികെയുള്ള സ്ഥലങ്ങളില്‍ നദികളില്‍ ഇറങ്ങുന്നതിനും കുളിക്കടവുകള്‍ ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

പമ്പ സ്നാനം നിരോധിക്കുന്നത് സംബന്ധിച്ച് സ്ഥിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കുന്നതിന് ശബരിമല എഡിഎമ്മിനെ ചുമതലപ്പെടുത്തി. കാനന പാത വഴി വരുന്ന ഭക്തരുടെ സുരക്ഷ കൃത്യമായി നിരീക്ഷിക്കണമെന്ന് വനം വകുപ്പിനും ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

ഡിസംബർ 12, 13 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ ശബരിമലയിൽ പെയ്തത് ഈ വർഷം മണ്ഡലകാലം തുടങ്ങിയശേഷമുള്ള ഏറ്റവും കനത്ത മഴയാണ്. വ്യാഴാഴ്ച രാവിലെ 8.30 മുതൽ 24 മണിക്കൂറിൽ സന്നിധാനത്ത് പെയ്തത് 68 മില്ലിമീറ്റർ മഴ. ഇത്‌ ഇക്കാലയളവിലെ ഏറ്റവും കൂടിയ മഴയാണ്. അതേസമയം നിലയ്ക്കലിൽ 73 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

വെള്ളിയാഴ്ച രാവിലെ 8.30 നും ഉച്ച 2.30 നും ഇടയിൽ സന്നിധാനത്ത് 14.6 മില്ലിമീറ്റർ മഴ ലഭിച്ചു. ഇതേസമയം സമയം നിലയ്ക്കലിൽ 1.6 മില്ലിമീറ്ററും പമ്പയിൽ 12.6 മില്ലിമീറ്ററുമാണ് മഴ രേഖപ്പെടുത്തിയത്. പത്തനംതിട്ട ജില്ലയിൽ വ്യാഴാഴ്ച റെഡ് അലർട്ടും വെള്ളിയാഴ്ച ഓറഞ്ച് അലർട്ടുമായിരുന്നു.

പാതകളിൽ വഴുക്കൽ കാരണം തെന്നി വീഴാൻ സാധ്യത ഉള്ളതിനാൽ ഭക്തർ അതീവ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ പറഞ്ഞു. ഇന്ന് വൈകീട്ട് മൂന്ന് മണിക്കുള്ള അറിയിപ്പു പ്രകാരം ആറാട്ട് കടവ് വിസിബിയിലെ ഇരുകരയിലെയും ഷട്ടറുകൾ പരമാവധി ഉയർത്തി. കൂടാതെ മറ്റ് 5 ഷട്ടറുകൾ കൂടി ഉയർത്തി മാറ്റിവെച്ചു.

കേരള ജല അതോറിറ്റി വിസിബിയിലെ ഇടതുകരയിലെ ഷട്ടർ 1.20 മീറ്റർ ഉയർത്തുകയും മധ്യഭാഗത്തെ രണ്ട് ഷട്ടറുകൾ ഉയർത്തി മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ തീര്‍ത്ഥാടകര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*