മലേഷ്യയിൽ പരിശീലനത്തിനിടെ നാവിക സേനാ ഹെലികോപ്ടർ കൂട്ടിയിടിച്ചു പത്ത് പേർക്ക് ദാരുണാന്ത്യം: വീഡിയോ

ക്വാലാലംപൂർ: മലേഷ്യയിൽ പരേഡ് പരിശീലനത്തിനിടെ നാവിക സേനാ ഹെലികോപ്ടർ കൂട്ടിയിടിച്ച് പത്ത് പേർക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തിൽ രണ്ട് ഹെലികോപ്ടറുകളിലുണ്ടായിരുന്ന ജീവനക്കാരാണ് കൊല്ലപ്പെട്ടത്. പെരക്കിലെ ലുമൂട്ട് നാവിക ആസ്ഥാനത്ത് നടന്ന പരിശീലന പരേഡിന് ഇടയിലാണ് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ചത്. പ്രത്യേക രീതിയിലുള്ള ഫോർമേഷന് വേണ്ടി ശ്രമിക്കുന്നതിൻ്റെ രണ്ട് ഹെലികോപ്ടറുകളുടെ റോട്ടറുകൾ തമ്മിൽ കുടുങ്ങിയതോടെയാണ് അപകടമുണ്ടായത്. പിന്നാലെ രണ്ട് ഹെലികോപ്ടറുകളും നിലത്തേക്ക് വീണ് തകരുകയായിരുന്നു.

സംഭവത്തിൽ മലേഷ്യൻ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോകോപ്ടർ എഎസ്555എസ്എൻ ഫെന്നക്, എഡബ്ള്യു139 മാരിടൈം ഓപ്പറേഷൻ ഹെലികോപ്ടർ എന്നിവയാണ് കൂട്ടിയിടിച്ചത്. ഹെലികോപ്ടറുകളിൽ യഥാക്രമം മൂന്നും ഏഴും ജീവനക്കാരാണ് ഉണ്ടായിരുന്നത്. അഗസ്റ്റാ വെസ്റ്റ്ലാൻറിന്റേതാണ്  എഡബ്ള്യു139 മാരിടൈം ഓപ്പറേഷൻ ഹെലികോപ്ടർ. എയർബസിന്റേതാണ് ഫെന്നക് ഹെലികോപ്ടർ. കൂട്ടിയിടിക്ക് പിന്നാലെ ഹെലികോപ്ടറുകളിലൊന്ന് സ്വിമ്മിംഗ് പൂളിലും രണ്ടാമത്തേത് നാവിക സേനാ ആസ്ഥാനത്തെ സ്പോർട്സ് കോംപ്ലക്സിലുമാണ് തകർന്ന് വീണത്.

മലേഷ്യൻ റോയൽ നേവിയുടെ 90ാം വാർഷിക ആഘോഷങ്ങൾക്കായുള്ള പരേഡിൻ്റെ പരിശീലനത്തിനിടെയാണ് അപകടമുണ്ടായതെന്ന് മലേഷ്യൻ പ്രതിരോധ മന്ത്രി മൊഹമ്മദ് ഖാലേദ് നോർദിൻ വിശദമാക്കി. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളിലാണ് നാവിക സേനയുള്ളത്. മരിച്ചവരുടെ ബന്ധുക്കളുടെ വിഷമത്തിൽ പങ്കുചേരുന്നതായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം വിശദമാക്കി. കഴിഞ്ഞ മാസം മലേഷ്യൻ കോസ്റ്റ്ഗാർഡിൻ്റെ ഹെലികോപ്ടർ മലാക്കയിൽ തകർന്നു വീണിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*