
തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ‘ഹലോ മമ്മി’ ഒടിടിയിലെത്തി. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ആമസോൺ പ്രൈം വീഡിയോയിലാണ് സ്ട്രീം ചെയ്യുന്നത്. വൈശാഖ് എലൻസ് സംവിധാനം ചെയ്ത ഈ ഹൊറർ കോമഡി എന്റർടെയ്‌നർ ഇതിനോടകം തന്നെ ഒടിടിയിലും മികച്ച പ്രതികരണം നേടുന്നുണ്ട്.
നവംബറിൽ തിയേറ്ററുകളിലെത്തിയ ‘ഹലോ മമ്മി’ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. 18 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ബോക്സ് ഓഫീസ് ഹിറ്റായി മാറി. വമ്പൻ സിനിമകൾക്കിടയിലും 50 ദിവസത്തിലധികം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു. സാഞ്ചോ ജോസഫാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത്. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ സണ്ണി ഹിന്ദുജ, അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ബിന്ദു പണിക്കർ തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.
ജേക്സ് ബിജോയ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് അവതരിപ്പിച്ചത്.തിയേറ്ററുകളിലെ വിജയത്തിന് ശേഷം ഒടിടിയിൽ എത്തിയ ‘ഹലോ മമ്മി’ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ചിത്രം ഒടിടിയിലും തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Be the first to comment