ഹേമ കമ്മിറ്റി റിപ്പോർട്ട്: നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി തള്ളി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. രഞ്ജിനിക്ക് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി ഉത്തരവിട്ടു. കമ്മിറ്റിക്ക് മുൻപാകെ മൊഴി നല്‍കിയ വ്യക്തികൂടിയാണ് രഞ്ജിനി. റിപ്പോർട്ട് പുറത്തുവിടുന്നതിന് മുൻപ് പകർപ്പ് നല്‍കണമെന്ന ആവശ്യം കൂടി രഞ്ജി ഹർജിയില്‍ ഉന്നയിച്ചിരുന്നു.

റിപ്പോർട്ട് പുറത്തുവിടരുതെന്നല്ല തന്റെ നിലപാടെന്നാണ് രഞ്ജിനി കഴിഞ്ഞദിവസം പ്രതികരിച്ചത്. കമ്മിറ്റിക്ക് മുന്നില്‍ താനും മൊഴി നല്‍കിയതാണെന്നും ഇക്കാര്യങ്ങള്‍ പുറത്തുവന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്നും അതിനാല്‍ പകർപ്പ് നല്‍കണമെന്നാണ് ആവശ്യപ്പെട്ടതെന്നും രഞ്ജിനി പറഞ്ഞു.

ഹേമ കമ്മിറ്റി രൂപീകരിക്കാൻ കാരണമായ ഡബ്ല്യുസിസിയോ അല്ലെങ്കില്‍ വനിത കമ്മിഷനോ പകർപ്പ് ചോദിക്കാത്ത സാഹചര്യത്തിലാണ് താൻ ആവശ്യമുന്നയിച്ചതെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

രഞ്ജിനിക്കു സമാനമായി തന്നെ പകർപ്പ് ആവശ്യപ്പെട്ട് മൊഴി നല്‍കിയവർ രംഗത്തെത്തിയേക്കുമെന്ന് സൂചനയുണ്ട്. ഇത് കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നത് നീളാനിടയാക്കിയേക്കും. 51 പേരാണ് കമ്മിറ്റിക്ക് മുൻപാകെ മൊഴി നല്‍കിയതെന്നാണ് വിവരം.

അഞ്ചുവർഷമായി പുറത്തുവിടാതിരിക്കുന്ന റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിൽ കുഴപ്പമില്ലെന്ന് ഹൈക്കോടതി ഓഗസ്റ്റ് 13ന് ഉത്തരവിട്ടിരുന്നു. ഒരാഴ്ചത്തെ കാലാവധിയും കോടതി നിശ്ചയിച്ചിരുന്നു. ഇതിനിടെയായിരുന്നു രഞ്ജിനിയുടെ നീക്കം.

Be the first to comment

Leave a Reply

Your email address will not be published.


*