ഹേമ കമ്മിറ്റി റിപ്പോർട്ട്; എല്ലാ കാര്യങ്ങളും കോടതിയുടെ പരിഗണനയിൽ, വിവാദങ്ങൾക്കില്ല, മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയുടെ പരിഗണനയിൽ ആണെന്ന് മന്ത്രി സജി ചെറിയാൻ. കോടതിയിലിരിക്കുന്ന കാര്യത്തെക്കുറിച്ച് അധികം ഒന്നും പറയില്ല. കോടതി തീരുമാനിക്കുന്ന എല്ലാകാര്യങ്ങളും നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. അത് സർക്കാർ ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയവർ ഭീഷണി നേരിടുന്നതായി ഡബ്ല്യുസിസി ആരോപിച്ചിരുന്നു. പരാതിക്കാർക്ക് എല്ലായ്പ്പോഴും പ്രത്യേക അന്വേഷണ സംഘാംഗങ്ങളെ ബന്ധപ്പെടാൻ സാധിക്കണമെന്നില്ല. ഈ സാഹചര്യത്തിൽ ഇവരുടെ പ്രശ്നം പരിഹരിക്കാൻ മാർഗമുണ്ടാകണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് എസ്ഐടിയോട് നോഡൽ ഓഫീസറെ നിയോഗിക്കാൻ ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് നിർദ്ദേശം നൽകിയിരുന്നു. ഭീഷണി സന്ദേശങ്ങൾ ലഭിച്ചാൽ പരാതിക്കാർക്ക് നോഡൽ ഓഫീസറെ അറിയിക്കാം. ലഭിക്കുന്ന പരാതികൾ നോ‍‍ഡൽ ഓഫീസർ അന്വേഷണ സംഘത്തിന് കൈമാറും.

അതേസമയം, ഹേമ കമ്മിറ്റിക്ക് മുമ്പിൽ മൊഴിനൽകിയ നടി കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസുമായി മുന്നോട്ടുപോകാൻ താല്പര്യമില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചിരുന്നതായി നടി ഹർജിയിൽ വ്യക്തമാക്കി. താൻ ഹേമ കമ്മിറ്റിക്ക് മുമ്പിൽ മൊഴി നൽകിയത് സിനിമ മേഖലയിലെ വനിതാ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങളിൽ പരിഹാരത്തിനു വേണ്ടി മാത്രമാണെന്നും നിയമനടപടികൾക്കായി അല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രത്യേക അന്വേഷണത്തിന്റെ നടപടി മനോവിഷമം ഉണ്ടാക്കുന്നുവെന്ന് സുപ്രീംകോടതിയെ സമീപിച്ച നടി പ്രതികരിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*