ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരായ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിലവിൽ ഇടക്കാല സ്റ്റേ ഉത്തരവിന്റെ കാലാവധി ഇന്നവസാനിക്കുകയാണ്.
റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.എം.മനോജിന്റെ ബഞ്ച് വിശദമായി വാദം കേൾക്കും.

സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ ഒഴിവാക്കിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ടതെന്ന് വിവരാവകാശ കമ്മീഷൻ ഹൈക്കോടതിയിൽ കഴിഞ്ഞ തവണ വാദമുന്നയിച്ചിരുന്നു. റിപ്പോർട്ടിലെ 233 പേജുകൾ മാത്രമാണ് പുറത്തുവിടുന്നത്. ഹർജിക്കാരൻ കമ്മിറ്റി നടപടികളുടെ ഭാഗമായിരുന്നില്ലെന്നും, മറ്റാർക്കോ വേണ്ടി സംസാരിക്കുന്നതിന്റെ ഭാഗമായാണ് ഹർജിയെന്നുമായിരുന്നു വിവരാവകാശ കമ്മീഷന്റെ വാദം.

റിപ്പോർട്ട് പുറത്തുവിട്ടാൽ തന്റെയടക്കം സ്വകാര്യതയെ ബാധിക്കും എന്നായിരുന്നു ഹർജിക്കാരന്റെ വാദം. റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ പൊതുതാല്‍പര്യമില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേരുള്ളവരുടെ ഭാഗം കേള്‍ക്കാതെയാണ് പുറത്ത് വിടാനുള്ള തീരുമാനം. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് സ്വാഭാവിക നീതിക്ക് എതിരെന്നും ഹര്‍ജിക്കാരൻ വാദമുന്നയിച്ചിരുന്നു . കൂടാതെ ജസ്റ്റിസ് ഹേമ തന്നെ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന് സർക്കാരിനെ അറിയിച്ചിരുന്നതായും ഹർജിക്കാരൻ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*