ഹേമ കമ്മിറ്റി റിപ്പോർട്ട്‍; പോക്സോ സ്വഭാവമുള്ള മൊഴികളിൽ സ്വമേധയാ കേസെടുക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം

ചൂഷണത്തിനിരയായവർ പരാതിപ്പെടാൻ തയ്യാറാവാത്ത പക്ഷം ഹേമകമ്മിറ്റി റിപ്പോർട്ടിലെ പോക്സോ സ്വഭാവമുള്ള മൊഴികളിൽ സ്വമേധയാ കേസെടുക്കാൻ അന്വേഷണസംഘത്തിന്റെ തീരുമാനം. കുട്ടികളെ ചൂഷണത്തിനിരയാക്കിയെന്ന മൊഴികളിൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർചെയ്യാൻ സംഘം നിർദേശിക്കും. ഗുരുതരസ്വഭാവത്തെ തുടർന്ന് റിപ്പോർട്ടിലെ ലൈംഗിക ഉപദ്രവവും ചൂഷണവും സംബന്ധിച്ചുള്ള ഇരുപതിലധികം മൊഴികളിലും നിയമനടപടിക്ക് സാധ്യതയുണ്ട്. കേസിന് സാധ്യതയുള്ള മൊഴി നൽകിയവരുടെ പട്ടിക തയ്യാറാക്കി അന്വേഷണസംഘം മേധാവിക്ക് കൈമാറിയിട്ടുണ്ട്. അവരിൽനിന്ന്‌ ഐപിഎസ് ഉദ്യോഗസ്ഥർതന്നെ വീണ്ടും മൊഴി ശേഖരിക്കും.

നിയമനടപടിയുമായി മുന്നോട്ടുപോകാൻ അവർ തയ്യാറായാൽ കേസ് രജിസ്റ്റർചെയ്യാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്. ഏറെ വർഷം പഴക്കമുളള ചൂഷണങ്ങളും തിരഞ്ഞെടുത്ത മൊഴികളിലുണ്ട്. കേസുകൾ പരി​ഗണിക്കും പ്രകാരം മുതിർന്ന താരങ്ങൾ അടക്കം ഇതുവരെയും ചിത്രത്തിൽ ഉൾപ്പെടാത്ത പല പ്രമുഖരും കോടതി കയറേണ്ടി വരുമെന്നാണ് നി​ഗമനം.

നിയമനടപടി തുടരാൻ ആഗ്രഹിക്കുന്നവരിൽനിന്ന് വിശദമായി മൊഴിയെടുത്ത് ഒക്ടോബർ മൂന്നിനകം കേസെടുക്കാനാണ് ധാരണ. പരാതി ഉന്നയിച്ച ഭൂരിഭാഗം പേരെയും 10 ദിവസത്തിനുള്ളിൽ ബന്ധപ്പെടും. മൊഴികൾ ഗൗരവസ്വഭാവമുള്ളതാണെന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ വിലയിരുത്തിയിരുന്നു.

സര്‍ക്കാര്‍ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 290 പേജാണെങ്കില്‍ യഥാര്‍ഥ റിപ്പോര്‍ട്ടിന് 3896 പേജുകളുണ്ട്. വിശദമായ മൊഴിയും അനുബന്ധ തെളിവുകളും കൂടി ചേര്‍ന്നതാണ് ഇത്. ഇത്രയും പേജുകള്‍ അന്വേഷണസംഘത്തിലെ ഐജി സ്പര്‍ജന്‍ കുമാര്‍, ഡിഐജി അജിതബീഗം, എസ്പിമാരായ മെറിന്‍ ജോസഫ്, ജി പൂങ്കുഴലി, ഐശ്വര്യ ഡോഗ്രെ എന്നീ അഞ്ച് ഉദ്യോഗസ്ഥര്‍ അഞ്ച് ഭാഗങ്ങളായി വീതിച്ച് ഒരുതവണ വായിച്ചു. ഇതിൽ ഇരുപതിലധികം ആരോപണങ്ങൾ ഗൗരവതരമാണെന്നും നിയമനടപടിക്ക് സാധ്യതയുണ്ടെന്നുമാണ് സംഘത്തിന്റെ കണ്ടെത്തൽ. മൊഴി നൽകിയവരിൽ പൂര്‍ണമായ പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താൻ സാംസ്കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടാനും ആലോചനയുണ്ട്.

ഗൗരവമെന്ന് വിലയിരുത്തിയ 20 പേരെ ആദ്യഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും വനിത ഉദ്യോഗസ്ഥര്‍ നേരിട്ട് ബന്ധപ്പെടും. ഒരാഴ്ചയ്ക്കകം നാല് സംഘങ്ങളായി തിരിഞ്ഞായിരിക്കും മൊഴിയെടുക്കൽ. മൊഴി നല്‍കിയവരുടെ താത്പര്യം കൂടി അറിഞ്ഞ ശേഷമായിരിക്കും കേസെടുക്കുന്നതിൽ തീരുമാനമുണ്ടാവുക. റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്നുള്ള പരാതികളിൽ അതിവേഗം നടപടി അന്വേഷണ സംഘം പൂർത്തിയാക്കും.

മൂന്നു ദിവസം കൊണ്ട് റിപ്പോര്‍ട്ട് പൂര്‍ണമായും വായിക്കാനാണ് ഇന്നലെ നടന്ന യോഗത്തില്‍ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് നല്‍കിയ നിര്‍ദേശം. ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനങ്ങൾ. പൊലീസ് ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് മേധാവിയും അന്വേഷണ സംഘത്തലവനുമായ എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഹേമ കമ്മിറ്റി റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചതിന് ശേഷമുള്ള ആദ്യ യോഗമായിരുന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്നത്. യോ​ഗത്തിലാണ് റിപ്പോർട്ടിന്മേലുളള തുടർനടപടികളെ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*