മാനസിക പിരിമുറുക്കം കുറയ്ക്കാം ഈ അഞ്ച് വഴികളിലൂടെ

ഇന്നത്തെ കാലത്ത് സ്ത്രീകളിൽ വർധിച്ചു വരുന്ന ഒരു പ്രധാന പ്രശ്‌നമാണ് പിരിമുറുക്കവും ഉത്കണ്‌ഠയും. ജോലി ചെയ്യുന്നു സ്ത്രീകളിലാണ് ഇത് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. ജോലിയോടൊപ്പം കുടുംബത്തിന്‍റെ ഉത്തരവാദിത്വം, വീട്ടുജോലികൾ എന്നിവ കൂടിയാകുമ്പോൾ സ്ത്രീകളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഇത് ദൈന്യംദിന കാര്യങ്ങൾ പോലും കൃത്യമായി ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന നിരവധി സ്ത്രീകളാണ് വിഷാദരോഗത്തിന് അടിമകളാകുന്നത്. നിരന്തരമായ ചിന്തകൾ മനസിന്‍റെ താളം തെറ്റിച്ചേക്കാം. ഇത് ശാരീരികവും മാനസികവുമായ മറ്റ് പല പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന് മാത്രമല്ല ബന്ധങ്ങളുടെ തകർച്ചയ്ക്കും കാരണമായേക്കും. അതിനാൽ മാനസിക പിരിമുറുക്കവും ഉത്കണഠയും കുറയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാം.

ധ്യാനം, യോഗ

പതിവായുള്ള ധ്യാനം, യോഗാസനം എന്നിവ നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. മാനസിക പിരിമുറുക്കം കുറയ്ക്കാൻ ആരോഗ്യവിദഗ്‌ധർ ഏറ്റവും കൂടുതൽ നിർദേശിക്കുന്ന ഒന്നാണ് ഇവ. മനസിനെ സമ്മർദ്ദങ്ങൾ ഇല്ലാതെ പിടിച്ചു നിർത്താൻ ഇത് സഹായിക്കുന്നു.

വിനോദത്തിൽ ഏർപ്പെടുക

നിങ്ങളുടെ ഇഷ്‌ട വിനോദത്തിനായി ദിവസത്തിൽ കുറഞ്ഞത് ഒരു 30 മിനുട്ടോ ആഴചയിൽ ഒരു ദിവസമോ നീക്കിവയ്ക്കുക. വായന, ഗെയിംസ്, ഡാൻസ്, എഴുത്ത് തുടങ്ങീ നിങ്ങളുടെ ഹോബി ഏതുമാകട്ടെ അതിനായി സമയം കണ്ടെത്തേണ്ടത് പ്രധാനമാണ്. ഇത് നിങ്ങളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും.

നൃത്തം

മാനസിക പിരിമുറുക്കം കുറയ്ക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് നൃത്തം. പതിവായി നൃത്തം ചെയ്യുന്ന ഒരാളിൽ സമ്മർദ്ദ സാധ്യത കുറവാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല ശാരീരിക ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും നൃത്തം പ്രധാന പങ്ക് വഹിക്കുന്നു.

നോ പറയാൻ പഠിക്കുക

അധിക ജോലി ഭാരം നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കും. ഓഫീസിലോ കുടുംബജീവിതത്തിലോ എവിടെയുമാകട്ടെ നിങ്ങൾ ചെയ്യേണ്ടതിനേക്കാൾ കൂടുതൽ ജോലി നിങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ നോ പറയാൻ പഠിക്കുക. അനാവശ്യമായ ജോലി ഏറ്റെടുക്കുന്നത് സമ്മർദ്ദം വർദ്ധിപ്പിക്കും. അതിനാൽ പറയേണ്ട ഇടങ്ങളിൽ നോ എന്ന് പറയാൻ പഠിക്കുക.

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക

ഓഫീസിലെ സമ്മർദ്ദം വീട്ടിലേക്ക് കൊണ്ടുവരാതിരിക്കുക. ഇത് ആരോഗ്യകരമായ കുടുംബബന്ധം നിലനിർത്താൻ നിങ്ങളെ സഹായിക്കും. ദിവസവും പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുക. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഗുണം ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*