മൂലധന സമാഹരണത്തിന് ഒരുങ്ങി ഹീറോ മോട്ടോഴ്‌സും

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോഴ്‌സും ഐപിഒയിലൂടെ (പ്രാരംഭ ഓഹരി വില്‍പ്പന) മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു. ഐപിഒയിലൂടെ 900 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് വിപണി നിയന്ത്രണ സംവിധാനമായ സെബിക്ക് ശനിയാഴ്ച കമ്പനി പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു.

500 കോടി രൂപ സമാഹരിക്കാന്‍ ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും 400 കോടി രൂപ ലക്ഷ്യമിട്ട് പ്രോമോട്ടര്‍മാര്‍ നടത്തുന്ന ഓഫര്‍ ഫോര്‍ സെയിലും സംയോജിപ്പിച്ചാണ് ഐപിഒ. ഒ പി മുഞ്ജല്‍ ഹോള്‍ഡിംഗ്സിന്റെ 250 കോടി രൂപയുടെ ഓഹരികളും ഭാഗ്യോദയ് ഇന്‍വെസ്റ്റ്മെന്റ്സ്, ഹീറോ സൈക്കിള്‍സ് എന്നിവയുടെ 75 കോടി രൂപ വീതവും ഓഫര്‍ ഫോര്‍ സെയിലില്‍ ഉള്‍പ്പെടുന്നു. 100 കോടി രൂപയുടെ പ്രീ-ഐപിഒ പ്ലേസ്മെന്റും പരിഗണിക്കുന്നുണ്ട്.

പുതിയ ഇഷ്യൂവിലൂടെ സമാഹരിക്കുന്ന ഫണ്ട് 202 കോടി രൂപയുടെ കടം തീര്‍ക്കുന്നതിനും ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗറിലുള്ള കമ്പനിയുടെ സൗകര്യം വിപുലീകരിക്കുന്നതിന് 124 കോടിയുടെ ഉപകരണങ്ങള്‍ വാങ്ങുന്നതിനും വിനിയോഗിക്കും. യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ്, ഇന്ത്യ, ആസിയാന്‍ മേഖല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഹീറോ മോട്ടോഴ്‌സ്. ഈ പ്രദേശങ്ങളില്‍ നിര്‍മ്മാണം, രൂപകല്‍പ്പന, വിതരണം തുടങ്ങിയ രംഗങ്ങളില്‍ സജീവമാണ് കമ്പനി.

Be the first to comment

Leave a Reply

Your email address will not be published.


*