വരുന്നു… ഹൈടെക്ക്‌ സഹകരണ കാർഷിക സേവന കേന്ദ്രങ്ങൾ

വായ്പ നൽകുന്നതിനപ്പുറം കർഷകർക്ക് കൂടുതൽ സേവനങ്ങൾ ഒരുക്കാൻ സഹകരണ വകുപ്പ് തയാറെടുക്കുകയാണ്. നിലവിൽ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ കീഴിലുള്ള കാർഷികസേവനകേന്ദ്രങ്ങൾ നവീകരിക്കുവാനും പുതിയവ ആരംഭിക്കുവാനുമാണ് തീരുമാനിച്ചിരിക്കുന്നത്. സമഗ്ര കാർഷിക വികസനപദ്ധതി (സി.എ.ഡി.പി) യിലൂടെ കർഷക സേവനകേന്ദ്രങ്ങളുടെ നവീകരണവും ഇവ ഇല്ലാത്ത മേഖലകളിൽ കേന്ദ്രങ്ങൾ പുതുതായി ആരംഭിക്കാനും തീരുമാനിച്ചതായി സഹകരണ, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്തുകളുമായി ചേർന്ന് ബ്ലോക്കിന്റെ പരിധിയിൽ വരുന്ന എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും കാർഷിക പ്രവർത്തനങ്ങളെയും ഏകോപിക്കുന്ന നോഡൽ ഏജൻസിയായി കാർഷിക സേവനകേന്ദ്രങ്ങൾ മാറുക എന്നതാണ് ലക്ഷ്യമിടുന്നത്. കാർഷിക യന്ത്രങ്ങളുടെ വിൽപ്പനയും വിൽപ്പനാനന്തരസേവനവും ഈ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാവും. അതുപോലെ കർഷകരുടെ വായ്പാപദ്ധതികൾ, അവർക്ക് ലഭ്യമാവുന്ന ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച് വിവരങ്ങൾ ഈ കേന്ദ്രത്തിലൂടെ ലഭിക്കും. വായ്പ മാത്രമല്ല, ഇൻഷുറൻസ്, നിക്ഷേപം, പെൻഷൻ തുടങ്ങിയ സേവനങ്ങളും പുതിയ സംരംഭകർക്ക് പ്രോജക്ട് തയാറാക്കാനും വിവിധ ലൈസൻസുകൾ നേടാനുമൊക്കെയുള്ള ഏകജാലക കേന്ദ്രമായി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 

Be the first to comment

Leave a Reply

Your email address will not be published.


*