എന്തൊരു ഡ്രൈവർമാരാണ് ഇവിടെയുള്ളത്?, നടപ്പാതയിലൂടെ നടന്നാല്‍ പാതാളത്തിലേക്കു വീഴും; വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: മനോഹരവും സുരക്ഷിതവുമായ നടപ്പാതകളാണ് ഒരു ന​ഗരത്തിന്റെ സൗന്ദര്യമെന്നും കൊച്ചിയിൽ അങ്ങനെയൊരു സൗകര്യമൊരുക്കാൻ കഴിയുന്നില്ലെന്നും ഹൈക്കോടതി. എംജി റോഡിലെ നടപ്പാതയിലൂടെ നടന്നാൽ പാതാളത്തിലേക്ക് പതിക്കുമെന്ന സ്ഥിതിയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരി​ഗണിക്കുകയായിരുന്നു കോടതി.

എംജി റോഡും ബാനർജി റോഡും ചേരുന്ന ഭാ​ഗത്ത് നടപ്പാതയിൽ വെള്ളം പമ്പ് ചെയ്യാനായി മോട്ടോർ സ്ഥാപിച്ചിരിക്കുന്നത് വലിയ അസൗകര്യമാണെന്നും കോടതി പറഞ്ഞു. കാനയിലൂടെ വെള്ളം ഒഴുകുന്നില്ലെങ്കിൽ അതിനുള്ള ക്രമീകരണം ഉണ്ടാക്കുകയാണല്ലോ വേണ്ടത്. അതല്ലെങ്കിൽ മോ‍ട്ടോർ സ്ഥിരമായി വയ്ക്കാൻ ക്രമീകരണം നടത്തണം. ഇപ്പോൾ നടപ്പാതയിൽ നിന്നിറങ്ങി സ്വകാര്യ സ്ഥലത്തു കൂടി നടക്കേണ്ട അവസ്ഥയാണ്.

ഈ അസൗകര്യങ്ങളാണ് എംജി റോഡിന്റെ പ്രതാപം ഇല്ലാതാക്കിയതെന്നും കോടതി പറഞ്ഞു. എംജി റോഡിലെ നടപ്പാതകളുടെ നവീകരണ പ്രവർത്തനങ്ങൾ ആംരഭിച്ചതായി സർക്കാരും കോർപ്പറേഷനും അറിയിച്ചു. ഇത് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിക്ക് നിർദേശം നൽകി.

നടപ്പാതയിൽ വാഹനമോടിക്കുന്നവരും പാർക്ക് ചെയ്യുന്നവരും ഏതു തരം ഡ്രൈവർമാരാണെന്നും കോടതി ചോദിച്ചു. കാഴ്ച പരിമിതിയുള്ളവർക്ക് നടക്കാനുള്ള സ്ഥലത്ത് വാഹനം പാർക്ക് ചെയ്യുകയാണ്. ഇത്തരം നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

 

Be the first to comment

Leave a Reply

Your email address will not be published.


*