കോട്ടയം : കോട്ടയം കോടതിയിലെ 29 അഭിഭാഷകര്‍ക്ക് എതിരായ കോടതിയലക്ഷ്യ കേസില്‍ അഭിഭാഷകരുടെ നിരുപാധിക മാപ്പപേക്ഷ ഉപാധിയോടെ അംഗീകരിച്ച് ഹൈക്കോടതി. 28 അഭിഭാഷകരെയും കോടതിയലക്ഷ്യ കേസിലെ വിചാരണയില്‍ നിന്ന് ഡിവിഷന്‍ ബെഞ്ച് ഉപാധിയോടെ ഒഴിവാക്കി. കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് ഒഴിവാക്കപ്പെട്ട അഭിഭാഷകര്‍ കോട്ടയം ജില്ലയില്‍ ആറ് മാസം സൗജന്യ നിയമസേവനം നല്‍കണമെന്നാണ് ഉപാധി. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി വഴി സൗജന്യ നിയമ സേവനം നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
കോട്ടയം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി 28 അഭിഭാഷകരുടെയും നിയമ സേവന രേഖകള്‍ സൂക്ഷിക്കണം. നിയമ സേവന രേഖകള്‍ ഹൈക്കോടതിക്ക് ജില്ലാ അതോറിറ്റി റിപ്പോര്‍ട്ട് ചെയ്യണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, സി പ്രതീപ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
കോടതിയലക്ഷ്യ കേസില്‍ മാപ്പപേക്ഷിച്ചു എന്നതുകൊണ്ട് മാത്രം അഭിഭാഷകരെ കേസില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. തുടര്‍ന്നാണ് ആറ് മാസം സൗജന്യ നിയമസഹായം നല്‍കണമെന്ന ഉപാധി ഹൈക്കോടതി മുന്നോട്ടുവെച്ചത്. ഈ നിര്‍ദ്ദേശം 28 അഭിഭാഷകരും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ അംഗീകരിച്ചു. തുടര്‍ന്ന് കോടതിയലക്ഷ്യ കേസിലെ തുടര്‍ നടപടികളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
യുവ അഭിഭാഷകര്‍ ഉള്‍പ്പടെയുള്ളവര്‍ കോടതിയലക്ഷ്യ കേസില്‍ ഡിവിഷന്‍ ബെഞ്ചിന്റെ നടപടികള്‍ നേരിട്ടു. കോടതിയലക്ഷ്യ നടപടി നേരിട്ടുവെന്നത് അഭിഭാഷകരുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്ക എതിര്‍കക്ഷികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. തുടര്‍ന്ന് കോടതിയലക്ഷ്യ കേസ് അഭിഭാഷകരുടെ ഭാവിയെ ബാധിക്കില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ രേഖപ്പെടുത്തി.
കേസിലെ ഒന്നാം എതിര്‍കക്ഷി അഡ്വ. സോജന്‍ പവിയാനോസ് കോടതിയലക്ഷ്യ നടപടി നേരിടണം. അഡ്വ. സോജന്‍ പവിയാനോസ് വിചാരണ നേരിടണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. സെപ്റ്റംബര്‍ ഒന്നിനകം അഡ്വ. സോജന്‍ നിരുപാധികം മാപ്പപേക്ഷ നല്‍കിയില്ലെങ്കില്‍ കുറ്റപത്രം തയ്യാറാക്കും. മാപ്പപേക്ഷിക്കാന്‍ തയ്യാറാണോ എന്ന കാര്യം ഡിവിഷന്‍ ബെഞ്ചിനെ അറിയിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. പ്രതിഷേധത്തിന്റെ ഭാഗമായിരുന്നില്ലെന്നും കോടതി മുറിയില്‍ കാഴ്ചക്കാരന്‍ മാത്രമായിരുന്നുവെന്നുമാണ് അഡ്വ. സോജന്‍ പവിയാനോസ് ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണം.
2023 സെപ്തംബര്‍ 23നായിരുന്നു കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വിവിജ സേതുമോഹനെതിരായ ഒരുകൂട്ടം അഭിഭാഷകരുടെ പ്രതിഷേധം. കോട്ടയം ബാര്‍ അസോസിയേഷന്‍ മുന്‍ ഭാരവാഹികള്‍ ഉള്‍പ്പടെയുള്ളവരായിരുന്നു പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. സഭ്യേതര വാക്കുകള്‍ ഉപയോഗിച്ചായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം. മജിസ്‌ട്രേറ്റിനെ തടഞ്ഞുവെച്ചതും മുദ്രാവാക്യം വിളിക്കുന്നതും ഉള്‍പ്പടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ പിന്നാലെ പുറത്തുവന്നു. ഈ ദൃശ്യങ്ങള്‍ കൂടി പരിഗണിച്ച ശേഷമായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ കോടതിയലക്ഷ്യ നടപടി.
അഭിഭാഷകരുടെ പ്രതിഷേധത്തെ സംബന്ധിച്ച് കോട്ടയം സിജെഎം ഹൈക്കോടതിക്ക് സംഭവത്തിന് തൊട്ടുപിന്നാലെ റിപ്പോര്‍ട്ട് നല്‍കി. ഇതനുസരിച്ച് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി നിര്‍ദ്ദേശം നല്‍കി. തുടര്‍ന്നായിരുന്നു 29 അഭിഭാഷകര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി ഹൈക്കോടതി ആരംഭിച്ചത്. വ്യാജരേഖ ചമച്ചെന്ന കേസില്‍ അഭിഭാഷകനെതിരെ കേസെടുക്കാന്‍ നേരത്തെ കോട്ടയം സിജെഎം നിര്‍ദ്ദേശം നല്‍കിയതാണ് വിവാദ പ്രതിഷേധത്തിന്റെ തുടക്കം.
Be the first to comment