തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളത്ത്; ‘ദേവസ്വം ഓഫീസർക്ക് സാമാന്യ ബുദ്ധിയുണ്ടോ?’ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളത്ത് നടത്തിയതിനെതിരെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ദേവസ്വം ഓഫീസറെ കടുത്ത ഭാഷയിൽ ശകാരിച്ച് ഹൈക്കോടതി. നടത്തിയത് അടിമുടി ലംഘനമെന്ന് ഹൈക്കോടതി പറഞ്ഞു. ദേവസ്വം ഓഫീസറുടെ സത്യവാങ്മൂലം ഹൈക്കോടതി തള്ളി. മതിയായ വിശദീകരണം നൽകാനായില്ലെന്ന് കോടതി.

ദേവസ്വം ഓഫീസറോട് കടുത്ത ചോദ്യങ്ങളാണ് ഹൈക്കോടതി ഉയർത്തിയത്. പൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നുള്ളിപ്പിൽ‌ കോടതിയലക്ഷ്യ നടപടി സ്വീകരിച്ച ഹൈക്കോടതി ദേവസ്വം ഓഫിസർ അടക്കമുള്ളവർക്ക് നോട്ടീസയച്ചു. ഇത്തരം കാര്യങ്ങളോട് വിട്ടുവീഴ്ചയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ദേവസ്വം ഓഫീസർക്ക് സാമാന്യ ബുദ്ധിയുണ്ടോയെന്ന് കോടതി ചോദിച്ചു. ഭക്തർ വന്ന് പറഞ്ഞാൽ കോടതിയുടെ ഉത്തരവ് പാലിക്കാതെ ഇരിക്കുമോയെന്നും കോടതി. ഭക്തരുടെ ജീവനാണ് അപകടത്തിലാക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ദേവസ്വം ഓഫീസറുടെ ചുമതലകൾ എന്തൊക്കെയെന്നും ചെറിയ ബുദ്ധിയിൽ തോന്നുന്ന കാര്യങ്ങൾ ഇവിടെ ഇറക്കരുതെന്നും ഹൈക്കോടതി വിമർശിച്ചു. ദേവസ്വം ഓഫീസറുടെ പിന്നിലാരെന്ന് പറയണമെന്നും സത്യവാങ്മൂലത്തിൽ ഇങ്ങനെയൊക്കെ എഴുതി നൽകാൻ ആരാണ് പറഞ്ഞതെന്നും ഹൈക്കോടതി പറഞ്ഞു. മഴയും ആൾക്കൂട്ടവും വരുമ്പോൾ അപകടമുണ്ടാകാതിരിക്കാനാണ് മാർഗ്ഗ നിർദ്ദേശങ്ങൾ. ദുരന്തമുണ്ടായാൽ ആരാണ് ഉത്തരവാദിയെന്നും സ്റ്റേറ്റിൽ നിയമ വാഴ്ചയില്ലേയെന്നും ഹൈക്കോടതി ചോ​ദിച്ചു.

കുറേ പടക്കം പൊട്ടിക്കും, എത്രലക്ഷം നൽകിയും ആനയെ കൊണ്ടുവരും. ചുറ്റുമുള്ള ആളുകളെക്കുറിച്ച് ഒരു ചിന്തയുമില്ലേയെന്ന് കോടതി. ക്ഷേത്രങ്ങളിൽ തന്ത്രിയെന്തിനാണ്? ഉത്സവ ചടങ്ങുകൾ നടത്താനല്ല തന്ത്രി. ബിംബത്തിന് ചൈതന്യം നിലനിർത്തുകയാണ് തന്ത്രിയുടെ ചുമതല. എന്നാൽ ക്ഷേത്രങ്ങളിൽ നിവേദ്യം മര്യാദയ്ക്ക് ഇല്ല. നിവേദ്യം വയ്ക്കുന്ന ഇടം കണ്ടാൽ ആളുകൾ ഓടുമെന്നും ഹൈക്കോടതിയുടെ വിമർശനം.

Be the first to comment

Leave a Reply

Your email address will not be published.


*