കെഎസ്ഐഡിസിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറില്‍ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനെതിരെ (കെഎസ്ഐഡിസി) അന്വേഷണം തുടരാമെന്ന് എസ്എഫ്ഐഒയോട് ഹൈക്കോടതി. ഒന്നും മറച്ചുവയ്ക്കാന്‍ ശ്രമിക്കരുതെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി അന്വേഷണവുമായി സഹകരിക്കുമ്പോഴാണ് വിശ്വാസ്യത കൂടുന്നതെന്നും പരാമര്‍ശിച്ചു. അന്വേഷണം വിശ്വാസ്യതയെ ബാധിക്കുമെന്ന് കെഎസ്ഐഡിസി ആവര്‍ത്തിച്ചു. എക്‌സാലോജിക്കുമായി കരാറില്‍ ഏര്‍പ്പെട്ട സിഎംആര്‍എല്‍ തീരുമാനത്തില്‍ പങ്കില്ലെന്നും കെഎസ്‌ഐഡിസി കോടതിയെ അറിയിച്ചു.

എക്സാലോജിക് കമ്പനിക്കെതിരെ ഉയർന്ന മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് കെഎസ്ഐഡിസി ചെയ്യേണ്ടിയിരുന്നതെന്ന് കഴിഞ്ഞ മാസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കെഎസ്ഐഡിസി നോമിനിക്ക് സിഎംആർഎല്‍ കമ്പനിയിൽ നടന്നത് അറിയില്ലെന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തതാണെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ കെഎസ്ഐഡിസി? സിഎംആർ എല്ലിൽ എന്തിനാണ് നോമിനി? കോടതി അന്ന് ചോദിച്ചു.

സിഎംആർഎല്ലിലെ കെഎസ്ഐഡിസി ഓഹരി പങ്കാളിത്തത്തിലൂടെ കേരള സർക്കാർ സിഎംആർ ല്ലിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ ബോധപൂർവം സഹായിക്കുന്നുവെന്ന ജനപക്ഷം നേതാവ് ഷോണ്‍ ജോർജിന്റെ പരാതിയിൽ ഡിസംബർ 21ന് കമ്പനീസ് രജിസ്ട്രാർ വിശദീകരണം തേടി നോട്ടീസ് നൽകിയിരുന്നു. സിഎംആർഎൽ കമ്പനിയിൽ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും ദൈനംദിന കാര്യങ്ങളിൽ ഇടപെടലില്ലെന്ന് വ്യക്തമാക്കി ജനുവരി മൂന്നിന് മറുപടി നൽകി. 134 കോടിയുടെ ഇടപാടിൽ ബന്ധമില്ലെന്നും വ്യക്തമാക്കി.

എന്നാൽ, നോട്ടീസ് നൽകിയില്ലെന്ന റിപ്പോർട്ടാണ് കേന്ദ്രത്തിന് കമ്പനി രജിസ്ട്രാർ നൽകിയിരിക്കുന്നത്. തുടർന്ന് കൊച്ചിയിലെ സിഎംആ എൽ കമ്പനിക്കും എക്‌സാലോജിക് സൊല്യൂഷൻസ് കമ്പനിക്കും ഒപ്പം കെഎസ്ഐഡിസിക്കെതിരെയും കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടു. തങ്ങളെ കേൾക്കാതെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതോടൊപ്പം രേഖകൾ ഹാജരാക്കാനുള്ള ഉത്തരവും എസ്എഫ്ഐഒ പരിശോധന ഉത്തരവും നിയമവിരുദ്ധമാണ്. ഈ ഉത്തരവുകളും റദ്ദാക്കണമന്നാണ് കെഎസ്എഡിസിയുടെ ഹർജിയിലെ ആവശ്യം.

Be the first to comment

Leave a Reply

Your email address will not be published.


*