കേരളീയം പരിപാടിയുടെ പേരിൽ കോടതിയലക്ഷ്യ ഹർജിയില്‍ ഹാജരാകാതിരുന്നതിന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കേരളീയം പോലുള്ള ആഘോഷങ്ങൾക്കല്ല പ്രധാന്യം നൽകേണ്ടതെന്ന് കോടതി പറഞ്ഞു. ആഘോഷ പരിപാടികളേക്കാൾ മനുഷ്യൻ്റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധാന്യം നൽകേണ്ടെതെന്നും കോടതി ചൂണ്ടിക്കാട്ടി. ഒക്ടോബറിലെയും നവംബറിലെയും പെൻഷൻ ഈ മാസം 30നകം കൊടുത്തു തീർക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
സാമ്പത്തിക പ്രതിസന്ധിമൂലമാണ് കെഎസ്ആർടിസി പെൻഷൻ മുടങ്ങിയതെന്ന് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്നും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. തിങ്കളാഴ്ച്ച ഹാജരാകാതിരുന്നതിന് ചീഫ് സെക്രട്ടറി കോടതി മുൻപാകെ ക്ഷമ ചോദിക്കുകയും ചെയ്തു. ഗതാഗത സെക്രട്ടറിയും ഓണ്‍ലൈനായി കോടതിയിൽ ഹാജരായി വിശദീകരണം നൽകി.
കേരളീയത്തിന്റെ തിരക്കുകള്‍ ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസം ഹാജരാകാനാകില്ലെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലത്തില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
കെഎസ്ആര്‍ടിസിയില്‍ സമയബന്ധിതമായി ശമ്പളം കൊടുത്തു തീർക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് പുറത്ത് വന്നിട്ടും ശമ്പളം വൈകി. ഇതോടെയാണ് ജീവനക്കാർ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്.
Be the first to comment