‘ഏറെ ദുഃഖകരം, പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടു’; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊട്ടാരക്കര ആശുപത്രിയില്‍ പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിങ്. പൊലീസിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. സംഭവത്തില്‍ സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സ്‌പെഷ്യല്‍ സിറ്റിങിലൂടെ കേസ് പരിഗണിച്ചത്.

ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടുകയല്ലെ വേണ്ടതെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. സംഭവം ഏറെ ദുഖഃകരമാണ്. രാജ്യത്ത് ഇതിന് മുമ്പ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?. പ്രതിക്ക് മുന്നിലേക്ക് ഡോക്ടറെ എറിഞ്ഞ് കൊടുക്കുന്നത് ശരിയാണോ? ഈ സംഭവം നാളെ മറ്റൊരു ആശുപത്രിയില്‍ നടക്കില്ലെ എന്ന് ചോദിച്ച കോടതി ഭാവിയിലും ഇത്തരം സംഭവങ്ങള്‍ പ്രതീക്ഷിച്ച് വേണം പൊലീസ് സുരക്ഷ ഒരുക്കേണ്ടതെന്നും നിര്‍ദേശിച്ചു. സുരക്ഷ ഏര്‍പ്പെടുത്തേണ്ടത് കോടതിയല്ല, സര്‍ക്കാരാണെന്നും കോടതി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*