വിഷു ചന്ത തുടങ്ങാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: വിഷു ചന്ത തുടങ്ങാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. കണ്‍സ്യൂമര്‍ഫെഡ് നല്‍കിയ ഹര്‍ജിയിലാണ് അനുമതി. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരിന് ചന്ത തുടങ്ങാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നില്ല. വിഷുചന്തകള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു കമ്മീഷൻ്റെ കണ്ടെത്തല്‍. എന്നാല്‍, ചന്തകള്‍ തുടങ്ങാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കണ്‍സ്യൂമര്‍ഫെഡ് നല്‍കിയ ഹര്‍ജിയിലാണ് വിഷു ചന്ത തുടങ്ങാന്‍ കോടതി അനുമതി നല്‍കിയത്.

അനുമതി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് കോടതിയുടെ നിര്‍ദ്ദേശമുണ്ട്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചന്തകള്‍ നാളെ തന്നെ ആരംഭിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എ മെഹബൂബ് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ റംസാന്‍ വിഷു ചന്ത നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതാണ്. മുന്‍ തിരഞ്ഞെടുപ്പ് കാലത്തും ചന്തകള്‍ നടത്തിയിട്ടുണ്ട്. ചന്ത നടത്തുന്ന കാര്യം ഇത്തവണ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര കമ്മീഷന് റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തെ പട്ടിണിക്കിട്ട് കൊല്ലുക, ദ്രോഹിക്കുക എന്ന നയമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.  ഈ മാസം 18 വരെ ചന്തകള്‍ നടത്തും. 13 സബ്‌സിഡി ഇനങ്ങള്‍ നല്‍കും. താലൂക്ക് തലത്തിലും ചന്തകളുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*