കൊച്ചി: എസ്.എഫ്.ഐ.ഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) അന്വേഷണത്തിനെതിരായ കെഎസ്ഐഡിസി ഹർജി പരിഗണിച്ച് ഹൈക്കോടതി. മാസപ്പടിക്കേസിലെ കേന്ദ്ര അന്വേഷണത്തെ എതിർക്കുന്നതെന്തിനെന്ന് പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡിസിയോട് ഹൈക്കോടതി ചോദിച്ചു. പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലെ കെഎസ്ഐഡിസിയെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മാസപ്പടി കേസിലെ എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ കെ എസ് ഐ ഡി സി നൽകിയ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് കൊച്ചിയിലെ കരിമണൽ കമ്പനിയായ സി എം ആർ എല്ലിൽ നിന്ന് പണം നൽകിയത് അറിഞ്ഞില്ലെന്ന കെ എസ് ഐ ഡി സി നിലപാടാണ് കോടതി ചോദ്യം ചെയ്തത്. പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് കെ എസ് ഐ ഡി സി. അതുപയോഗിച്ചാണ് 13 ശതമാനത്തിലധികം ഷെയർ സി എം ആർ എല്ലിൽ വാങ്ങിയത്. കരിമണൽ കമ്പനിയുടെ ഡയറ്കടർ ബോർഡിൽ കെ എസ് ഐ ഡി സിയുടെ ഒരു നോമിനിയുമുണ്ട്. എന്നിട്ടും ഒന്നും അറിഞ്ഞില്ലെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ആരാഞ്ഞു. നിങ്ങളുടെ നോമിനിക്ക് കമ്പനിയിൽ നടന്നത് എന്തെന്ന് അറിയല്ലെന്ന് പറയുന്നത് ലോജിക്കൽ അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
തങ്ങൾക്കെതിരായ അന്വേഷണം തൽക്കാലത്തേക്ക് മരവിപ്പിക്കണമെന്ന് കെ എസ് ഐ ഡി സി ആവശ്യപ്പെട്ടു. എസ് എഫ് ഐ ഒ അന്വേഷണത്തിൽ തങ്ങൾക്കെതിരെ എന്തെങ്കിലും ബോധ്യപ്പെട്ടെങ്കിൽ മാത്രമേ അന്വേഷിക്കാവൂ എന്നും കോടതി നിലപാടെടുത്തു. എന്നാൽ അന്വേഷണം തടയണമെന്ന മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജികിന്റെ ആവശ്യം കർണാടക ഹൈക്കോടതി തളളിയ കാര്യം ഹർജിയിൽ കക്ഷി ചേരാനെത്തിയ ഷോൺ ജോർജ് അറിയിച്ചു. ഹർജിയിൽ തന്നെ കക്ഷി ചേർക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.
Be the first to comment